തൃശൂർ: കുട്ടികൾക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന് ജില്ലയിലെ ആശുപത്രികളിൽ പ്രത്യേക വാർഡ് അടക്കമുള്ള സജ്ജീകരിക്കുന്നതിന് കേന്ദ്ര സർക്കാർ 1.65 കോടി രൂപ അനുവദിച്ചു. ഗവ. മെഡിക്കൽ കോളേജിൽ അടക്കമുള്ള വിവിധ ആശുപത്രികളിലാണ് ഐ.സി.യു സംവിധാനത്തോടെയുള്ള വാർഡുകൾ ഒരുക്കാൻ ഫണ്ട് അനുവദിച്ചത്. അനുവദിച്ച ഫണ്ടിൽ ഭൂരിഭാഗവും ചെലവഴിക്കേണ്ടത് കുട്ടികളുടെ വാർഡുകൾ സജ്ജീമാക്കുന്നതിനാണ്. മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, ജില്ലാ ആശുപത്രികളിലും വിവിധ താലൂക്ക് ആശുപത്രികളിലുമായാണ് പദ്ധതി നടപ്പാക്കുന്നത്. മെഡിക്കൽ കോളേജിൽ 30 കിടക്കകളുള്ള പീഡിയാട്രിക് വാർഡുകൾ സജ്ജമാക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. 12 കിടക്കകൾ ഐ.സി.യു ബെഡുകളോട് കൂടിയും സജ്ജമാക്കും. ജില്ലാ ജനറൽ ആശുപത്രിയിൽ 32 കിടക്കകളുള്ള പിഡീയാട്രിക് വാർഡുകൾക്ക് പുറമേ ഓക്‌സിജൻ സംവിധാനത്തോടെയുള്ള ഐ.സി.യുകളും സജ്ജമാക്കും. ഇരിങ്ങാലക്കുടയിലും താലൂക്ക് ആശുപത്രികളിലും പത്തിന് താഴെയുള്ള പിഡീയാട്രിക് വാർഡുകളും ഐ.സി.യുവും സ്ഥാപിക്കും. മെഡിക്കൽ കോളേജിൽ ഇതിനാവശ്യമായ സ്ഥലം കണ്ടെത്തി ടെണ്ടർ നടപടികളിലേയ്ക്ക് കടന്നിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗവ. മെഡിക്കൽ കോളേജ്, തൃശൂർ ജില്ലാ ജനറൽ ആശുപത്രി, വടക്കാഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് ഒരു കോടി രൂപ വീതം ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് നേരത്തെ പി.എം കെയർ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു. മെഡിക്കൽ കോളേജിലും വടക്കാഞ്ചേരിയിലും പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചു. ജനറൽ ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
പീഡിയാട്രിക് ഐ.സി.യു സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് ലഭിച്ചത് വിനിയോഗിക്കുന്നതിന് ആവശ്യമായ നടപടികൾ ആരംഭിച്ചു.
ഹരിത.വി.കുമാർ
ജില്ല കളക്ടർ, തൃശൂർ
കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഡോ.യു.ആർ.രാഹുൽ
(ഡി.പി.എം, തൃശൂർ)