ചാലക്കുടിയിൽ നടന്ന പനമ്പിള്ളി ഗോവിന്ദമേനോൻ ജന്മദിനാചരണ ചടങ്ങ് ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: പനമ്പിള്ളി ജന്മശതാബ്ദി സ്മാരക മന്ദിരം ഒരു വർഷത്തിനകം പ്രവർത്തനക്ഷമമാക്കുമെന്ന് ബെന്നി ബെഹ്നാൻ എം.പി. മുൻ കേന്ദ്രമന്ത്രിയും തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ 115-ാം ജന്മദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഷങ്ങൾക്ക് മുമ്പ് മന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും പൂർത്തീകരണം അനന്തമായി നീളുകയായിരുന്നു. വൈകലിന് പല കാരണങ്ങളുണ്ടെങ്കിലും അതിന്റെ ഉത്തരവാദിത്തം നമ്മൾ ഓരോരുത്തരും സ്വയം ഏറ്റെടുക്കണമെന്നും എം.പി പറഞ്ഞു. പനമ്പിള്ളി ജന്മശതാബ്ദി ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ഗോവിന്ദമേനോന്റെ പ്രതിമയിൽ പുഷ്പാർപ്പണം നടന്നു. ഫൗണ്ടേഷൻ ചെയർമാൻ പി.സി ചാക്കോ അദ്ധ്യക്ഷനായി. ടി.ജെ സനീഷ്‌കുമാർ എം.എൽ.എ, കൺവീനർ അഡ്വ.സജി റാഫേൽ, നഗരസഭ ചെയർമാൻ വി.ഒ പൈലപ്പൻ, മുൻ എം.എൽ.എ ടി.യു രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, ജില്ലാ പഞ്ചായത്തംഗം ലീലാ സുബ്രഹ്മണ്യൻ, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.വി പോൾ, അഡ്വ.ബിജു ചിറയത്ത്, എം.എം അനിൽകുമാർ, ടി.എ ആന്റോ, അഡ്വ.സി.ജി ബാലചന്ദ്രൻ, സി.പി പോൾ തുടങ്ങിയവർ സന്നിഹിതരായി.