തൃശൂർ: എടയൂർ മുളകിനും കുറ്റ്യാട്ടൂർ മാങ്ങയ്ക്കും ഭൗമ സൂചികാ പദവി. എടയൂർ മുളക് മലപ്പുറത്തെ എടയൂർ, ആതവനാട്, മാറാക്കര, ഇരിമ്പിളിയം, കൽപ്പകഞ്ചേരി, വളാഞ്ചേരി, മൂർക്കനാട്, കുറുവ പഞ്ചായത്തുകളിലുള്ള പ്രാദേശിക കൃഷിയാണ്. കൊണ്ടാട്ട മുളകായും ഉപയോഗിക്കുന്നു. ഏപ്രിൽ മുതൽ ഡിസംബർ വരെയാണ് സീസൺ. കൃഷിസ്ഥലത്തിന്റെ പാരിസ്ഥിതിക പ്രത്യേകത, മണ്ണിന്റെ സവിശേഷത, പരമ്പരാഗത കൃഷിരീതികൾ എന്നിവയാണ് എടയൂർ മുളകിന്റെ രുചിക്കും മണത്തിനും കാരണം. കുറ്റിയാട്ടൂർ മാങ്ങ കണ്ണൂരിലെ കുറ്റിയാട്ടൂരിലും സമീപ പഞ്ചായത്തുകളിലുമുള്ള പരമ്പരാഗത മാമ്പഴമാണ്.
മാർച്ച്, ഏപ്രിൽ, മേയിൽ വിളവെടുക്കും. കണ്ണൂരിലിത് നമ്പ്യാർ മാങ്ങ, കണ്ണപുരം മാങ്ങ, കുഞ്ഞിമംഗലം മാങ്ങ, വടക്കുംഭാഗം മാങ്ങ എന്നീ പേരുകളിലും അറിയപ്പെടുന്നു. മഞ്ഞ കലർന്ന ഓറഞ്ച് നിറമാണിതിന്. രുചിക്കും മണത്തിനും പ്രസിദ്ധമാണ്. ഭൗമ സൂചികാ പദവി ഈ ഉത്പന്നങ്ങൾക്ക് മികച്ച വിപണി നൽകും. സംസ്ഥാന കാർഷിക വികസന- കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ സർവകലാശാലാ ബൗദ്ധിക സ്വത്തവകാശ സെല്ല് നടത്തിയ ശ്രമമാണ് ഈ വിജയത്തിന് പിന്നിൽ. എടയൂർ ചില്ലി ഗ്രോവേഴ്‌സ് അസോസിയേഷൻ, കുറ്റിയാട്ടൂർ മാങ്ങ പ്രൊഡ്യൂസർ സൊസൈറ്റി എന്നീ സംഘങ്ങളും മാതൃകാപരമായ പങ്ക് വഹിച്ചു.
കേരളത്തിന്റെ തനത് കാർഷികോൽപന്നങ്ങൾക്ക് ഭൗമ സൂചികാപദവി ലഭിക്കാൻ സർവകലാശാലയും കർഷകരും നടത്തിയ ശ്രമം അഭിനന്ദനാർഹമാണ്. ഭൗമസൂചികാ രജിസ്‌ടേഷൻ നാടൻ ഉത്പന്നങ്ങൾക്ക് സ്വദേശത്തും വിദേശത്തും സ്വന്തമായ ഇടം നൽകും.
പി. പ്രസാദ്
കൃഷിമന്ത്രി