കുന്നംകുളം: എഴുത്തുകാരൻ സി.വി ശ്രീരാമന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ വർഷത്തെ സ്മൃതി പുരസ്‌കാരത്തിന് യുവ എഴുത്തുകാരൻ കെ.എൻ പ്രശാന്ത് അർഹനായി. ഒക്ടോബർ 23 ന് ലിവാ ടവറിൽ നടക്കുന്ന സി.വി ശ്രീരാമൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രശാന്തിന്റെ 'ആരാൻ' ചെറുകഥാ സമാഹാരമാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. കെ.എ മോഹൻദാസ്, കെ. വി സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനർഹമായ കൃതി തിരഞ്ഞെടുത്തത്. 26,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം 23 ന് വൈകീട്ട് 4 മണിക്ക് കുന്നംകുളം ലിവാ ടവറിലെ അനുസ്മരണ സമ്മേളനത്തിൽ വച്ച് യശോദ ശ്രീരാമൻ സമ്മാനിക്കും. നിയമസഭാ സ്പീക്കർ എം.ബി രജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.സി മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനാകും. എഴുത്തുകാരനും പത്രാധിപനുമായ കെ.സി നാരായണൻ സ്മാരക പ്രഭാഷണം നടത്തും. ഒക്ടോബർ 10 ന് സി.വി ശ്രീരാമന്റെ കൊങ്ങണ്ണൂരിലെ വസതിയിലെ സ്മൃതി കുടീരത്തിൽ രാവിലെ പുഷ്പാഞ്ജലിയും അനുസ്മരണവും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ഭാരവാഹികളായ വി.കെ ശ്രീരാമൻ, ടി.കെ വാസു, അഷ്‌റഫ്, എം.എൻ സത്യൻ, പി.എസ് ഷാനു എന്നിവർ പങ്കെടുത്തു.