പാവറട്ടി: കളിമുറ്റമൊരുക്കാം പദ്ധതിക്ക് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. പി.ടി.എ, എം.പി.ടി.എ, പൂർവ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി എല്ലാ സ്‌കൂളിലും ശുചീകരണ പ്രവർത്തനങ്ങൾക്കായി വിദ്യാലയ സമിതികൾ രൂപീകരിച്ചു. ഗാന്ധിജയന്തി മുതൽ എല്ലാ സ്‌കൂളിലും ശുചീകരണ സേവനവാരം ആചരിക്കും. പരിപാടിയുടെ മുല്ലശ്ശേരി ബ്ലോക്ക് തല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് പാവറട്ടി ഗവ.യു.പി.സ്‌കൂളിൽ മുരളി പെരുനെല്ലി എം.എൽ.എ നിർവഹിക്കും. മുല്ലശ്ശേരി പഞ്ചായത്ത്തല ഉദ്ഘാടനം സെന്റ് ജോസഫ്‌സ് എൽ.പി.സ്‌കൂളിൽ രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. വെങ്കിടങ്ങ് പഞ്ചായത്ത്തലം കണ്ണോത്ത് ജി.എം.എൽ.പി. സ്‌കൂളിൽ രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്‌നി വേണു ഉദ്ഘാടനം ചെയ്യും. എളവള്ളി ഗ്രാമ പഞ്ചായത്ത്തലം വാക മാലതി യു.പി.സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് ഉദ്ഘാടനം ചെയ്യും. സ്ഥിരം സമിതി ചെയർമാൻ ടി.സി മോഹനൻ അദ്ധ്യക്ഷനാകും.