മാള: സംസ്ഥാനത്തെ ഏറ്റവും പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങളിലൊന്നായ വടമ പാമ്പുംമേയ്ക്കാട്ട് മനയിൽ കന്നിമാസത്തിലെ ആയില്യം നാളിൽ ദർശനത്തിനായി നിരവധി പേരെത്തി. വിശേഷാൽ പൂജകളും നൂറും പാലും സമർപ്പണവും നടന്നു. പുറത്തെ കാവുകളിൽ ദർശനം നടത്തുന്നതിനും വഴിപാട് ചെയ്യുന്നതിനും കർശനമായ നിയന്ത്രണത്തോടെയാണ് അനുവദിച്ചത്. മനയിലെ ആചാരമനുസരിച്ച് മലയാള മാസം ഒന്നാം തീയതി എല്ലാ വിഭാഗം ഭക്തർക്കും ദർശനം അനുവദിക്കുന്നുണ്ട്.
കൂടാതെ കന്നി മാസത്തിലെ ആയില്യം, മീന മാസത്തിലെ തിരുവോണം മുതൽ ഭരണി വരെയുള്ള ദിവസങ്ങൾ, മേടമാസം പത്താം തീയതി എന്നീ ദിവസങ്ങളിലാണ് എല്ലാ വിഭാഗം ജനങ്ങളെയും കിഴക്കിനിയിൽ ദർശനത്തിന് അനുവദിക്കുന്നത്. പൂജകൾക്ക് പി.എസ് ജാതവേദൻ നമ്പൂതിരി, പി.എസ് ശ്രീധരൻ, പി.എസ് വല്ലഭൻ, പി.എസ് ശങ്കര നാരായണൻ നമ്പൂതിരി, പി.എസ് നാഗരാജൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.