സൈക്ലോൺ അഭയകേന്ദ്രം അഴീക്കോട് മന്ത്രി കെ. രാജൻതുറന്നു കൊടുക്കുന്നു.
സൈക്ലോൺ അഭയ കേന്ദ്രം അഴീക്കോട് തുറന്നു
കൊടുങ്ങല്ലൂർ: ദുരന്ത സമയങ്ങളിൽ തീരദേശത്തുള്ളവർക്ക് സുരക്ഷിത താവളമൊരുക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചുഴലിക്കാറ്റ് അഭയകേന്ദ്രം (സൈക്ലോൺ ഷെൽട്ടർ) അഴീക്കോട് പ്രവർത്തനമാരംഭിച്ചു. റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ അഭയകേന്ദ്രം ജനങ്ങൾക്ക് തുറന്ന് കൊടുത്തു. ജില്ലയിലെ ആദ്യത്തെ വിവിധോദ്ദേശ്യ സൈക്ലോൺ അഭയ കേന്ദ്രമാണിത്.
പ്രകൃതി ദുരന്തങ്ങളിൽ പ്രതിസന്ധിയിലാകുന്ന ജനങ്ങൾക്ക് താത്കാലികമായി ഇവിടെ താമസിക്കാം. ലോകബാങ്കിന്റെ സഹായത്തോടെ സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മൂന്ന് നില കെട്ടിടം യാഥാർത്ഥ്യമായത്. അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റ്, കടലേറ്റം, പ്രളയം എന്നിവയിൽ നിന്ന് തീരദേശവാസികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മൂന്ന് നിലകളിലായി 7,500 ചതുരശ്ര അടിയിൽ മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. 600 മുതൽ 800 ആളുകളെ വരെ ഒരേ സമയം ഇവിടെ പാർപ്പിക്കാം. കെട്ടിടത്തിന്റെ എല്ലാ നിലകളിലും സ്ത്രീകൾക്കും, പുരുഷന്മാർക്കും, കുട്ടികൾക്കും, ഭിന്നശേഷിക്കാർക്കും പ്രത്യേക താമസ സൗകര്യങ്ങൾ, ശുചിമുറികൾ, പൊതു അടുക്കള, ജനറേറ്ററുകൾ എന്നിവയുണ്ട്. ഫർണീച്ചറുകളും അടുക്കള ഉപകരണങ്ങളും സർക്കാർ ഏജൻസികൾ വഴി ഉടൻ ലഭ്യമാക്കും.
ഇതിനുള്ള കോർപ്പസ് ഫണ്ടായി 20 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഷെൽറ്റർ മാനേജ്‌മെന്റ് കമ്മിറ്റിയാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക. കോർപ്പസ് ഫണ്ടായി അനുവദിച്ച ഇരുപത് ലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യുന്നതിന്റെ പലിശയിനത്തിൽ വരുന്ന തുക കമ്മിറ്റിക്ക് ഷെൽട്ടറിന്റെ നടത്തിപ്പിനായി രണ്ട് വർഷത്തിന് ശേഷം ഉപയോഗിക്കാം.
അതുവരെയുള്ള ഷെൽട്ടറിന്റെ അറ്റകുറ്റപണികളുടെ ചുമതല കരാറുകാരനിൽ നിക്ഷിപ്തമായിരിക്കും. വരുമാനം കണ്ടെത്തുന്നതിനായി ഷെൽട്ടറിനെ താത്കാലികമായി വാടകയ്ക്കും നൽകാം. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ചുഴലിക്കാറ്റ് അപകട സാദ്ധ്യത ലഘൂകരണ പദ്ധതിയുടെ മതിപ്പ് ചെലവ് 15,795 കോടി രൂപയാണ്.
കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിൽ വസിക്കുന്നവരെ ദുരന്തമുണ്ടാകുന്ന സമയങ്ങളിൽ താത്കാലികമായി പാർപ്പിക്കുന്നതിന് 17 അഭയ കേന്ദ്രങ്ങൾ നിർമിക്കുന്നതിൽ രണ്ടെണ്ണമാണ് ജില്ലയിലെ അഴീക്കോട്, കടപ്പുറം വില്ലേജുകളിലായി അനുവദിച്ചത്. നിലവിൽ 11 അഭയ കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് ബന്ധപ്പെട്ട സൈക്ലോൺ ഷെൽട്ടർ മെയിന്റനൻസ് മാനേജ്‌മെന്റ് കമ്മിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്.