തൃപ്രയാർ: സി.പി.ഐ ദേശീയ കൗൺസിൽ അംഗവും റവന്യു മന്ത്രിയുമായ കെ. രാജനെതിരെ കരിങ്കൊടി കാട്ടിയ സംഭവത്തിൽ സി.പി.ഐ നാട്ടിക ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. വയോജന സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മണപ്പുറം വയോജന ക്ഷേമസമിതി ചാരിറ്റമ്പിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിച്ച് മരിച്ച അനാഥരായവരുടെ ആശ്രിതർക്ക് ധനസഹായ വിതരണം ചെയ്യുന്ന പരിപാടിക്കെത്തിയ മന്ത്രിക്കെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
മന്ത്രിയെ കരിങ്കൊടി കാണിക്കുകയും സൊസൈറ്റി സെക്രട്ടറി സജിന പർവിലിനോട് മോശമായി പെരുമാറുകയും ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. മന്ത്രിയുടെ വാഹനം തടഞ്ഞ് വാഹനത്തിന്റെ ബോണറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കയറിയത് പൊലീസിന് പറ്റിയ വീഴ്ചയാണെന്നും പ്രസ്താവനയിൽ പറയുന്നു.