ചാലക്കുടി: കെ.എസ്.ആർ.ടി.സി ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് ആരംഭിച്ച പ്രത്യേക ട്രിപ്പുകൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. നാല് ബസ്സുകളിലായി ഞായറാഴ്ച മലക്കപ്പാറയിലെത്തിയത് 208 ആളുകളാണ്. ശനിയാഴ്ച മൂന്ന് ബസ്സുകളാണ് ഇത്തരത്തിൽ ഓടിയത്. വിനോദസഞ്ചാരികളെ മലക്കപ്പാറയിലേക്ക് കൊണ്ട് പോവുകയും സുരക്ഷിതമായി ചാലക്കുടി സ്റ്റാന്റിൽ തിരിച്ചെത്തിക്കുകയുമാണ് പുതുതായി തുടക്കമിട്ട ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തിയത്. രാവിലെ 8.30 മുതൽ പതിനഞ്ച് മിനിറ്റ് ഇടവിട്ട് ചാലക്കുടിയിൽ നിന്നും ഓരോ ബസുകളും പുറപ്പെടും. ആവശ്യമെങ്കിൽ ഇടയ്ക്ക് കാഴ്ചകൾക്കായി നിർത്തും. എന്നാൽ മലക്കപ്പാറയിൽ എത്തിയ ശേഷമെ വിനോദ സഞ്ചാരികളെ പുറത്തിറക്കുകയുള്ളു. ഉച്ചഭക്ഷണം സ്വന്തം ചെലവിലായിരിക്കും. ഇതിന് കെ.എസ്.ആർ.ടി.സി സൗകര്യം ചെയ്ത് കൊടുക്കും. ഇടയ്ക്ക് ആളുകളെ ഇറക്കുകയോ കയറ്റുകയോ ചെയ്യില്ല. 204 രൂപയാണ് രണ്ട് യാത്രകൾക്കുമായി ഈടാക്കുന്നത്. എല്ലാ അവധി ദിവസങ്ങളിലും ടൂർ ട്രിപ്പ്് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ട്രിപ്പുകൾ ആരംഭിക്കാനും ബുക്കിംഗ് ഓൺലൈനിൽ ആക്കാനും ഡിപ്പോ അധികൃതർ ആലോചിക്കുന്നുണ്ട്.