ചാലക്കുടി: കനത്ത മഴയിൽ ചാലക്കുടിയിലെ മലയോര പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. കൊന്നക്കുഴിയിൽ തോട് കര കവിഞ്ഞ് കോഴി ഫാമിലേക്ക് വെള്ളം കയറി. വെട്ടിക്കുഴയിൽ മലയിൽ നിന്നുമെത്തിയ വെള്ളം വീട്ടിനകത്ത് കൂടി ഒഴുകി. കൊന്നക്കുഴി അമ്പലം തോടാണ് കരകവിഞ്ഞ് തൊട്ടടുത്ത കോഴിഫാമിലേക്ക് എത്തിയത്. കൂടമ്മാട്ടി രമേശന്റെ ഭാര്യ സ്മിതയുടെ കോഴിഫാമാണ് മുങ്ങിയത്. ഒരുമാസം പ്രായമായ മുന്നൂറോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. തോടിന്റെ ബണ്ട് പലയിടത്തും ഇടിഞ്ഞു. വെട്ടിക്കുഴിയിലെ പച്ചക്കാട് പ്രദേശത്താണ് മലയിൽ നിന്നും അമിതമായി എത്തിയ വെള്ളം വീടിനകത്ത് കൂടെ ഒഴുകിയത്. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു മലയിൽ നിന്നും വെള്ളം കുത്തിയൊഴുകിയത്. നാലു മണിക്ക് തുടങ്ങിയ മഴ പിന്നീട് ശക്തിയാർജ്ജിക്കുകയായിരുന്നു. അതിരപ്പിള്ളി റോഡിലൂടെ വാഹനങ്ങൾ സഞ്ചരിക്കാൻ കഴിയാത്തവിധം വെള്ളക്കെട്ടുമുണ്ടായി.