car
കാറിന്റെ ഒരുവശം കുഴിയിൽ താഴ്ന്ന നിലയിൽ.


കുന്നംകുളം: അദാനി ഗ്രൂപ്പ് ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയിൽ വീണ് വാഹനത്തിന്റെ ഒരുവശം പൂർണമായും താഴ്ന്നു. ഇന്നലെ വൈകീട്ട് ആറ് മണിയോടെ ആർത്താറ്റ് ബാവ പള്ളിക്ക് മുമ്പിലാണ് സംഭവം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കുഴിയിൽ വീഴുകയായിരുന്നു. ഇതോടെ കാറിന്റെ ഒരുവശം പൂർണമായും ചെളിയിൽ താഴ്ന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന കുടുംബം ഭീതിയിലായി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്ന് കാർ കുഴിയിൽ നിന്നും തള്ളി കയറ്റി. ബൈക്ക് യാത്രികരാണ് കുഴിയിൽ വീണതെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നുന്നെന്ന് നാട്ടുകാർ പറഞ്ഞു. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുമെന്ന് കാർ യാത്രികർ പറഞ്ഞു.