അതിരപ്പിള്ളി വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: ഡിജിറ്റൽ റീസർവേയിലൂടെ സംസ്ഥാനത്ത് ആകമാനമുള്ള മിച്ചഭൂമി കണ്ടെത്തി ഭൂരഹിതരായ അടിസ്ഥാന വർഗങ്ങൾക്ക് വിതരണം ചെയ്യുന്ന എൽ.ഡി.എഫ് സർക്കാരിന്റെ പുതിയ പദ്ധതിക്ക് നവംബറിൽ തുടക്കം കുറിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ. അതിരപ്പിള്ളി പഞ്ചായത്തിലെ വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമിയും വീടും എന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ ലക്ഷ്യം. പട്ടയ വിതരണത്തിൽ അവസാനിക്കുന്നതല്ല സർക്കാരിന്റെ പാവപ്പെട്ടവരോടുള്ള പ്രതിബദ്ധത. വില്ലേജ് ഓഫീസുകളുടെ അകവും പുറവും സ്മാർട്ടാക്കും. ഇതോടൊപ്പം ഉദ്യോഗസ്ഥരുടെ പ്രവർത്തനവും സ്മാർട്ടാക്കണം-മന്ത്രി പറഞ്ഞു. അരൂർമുഴി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ടി.ജെ സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിജേഷ്, ജില്ലാ കളക്ടർ ഹരിത വി.കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ദേവരാജ്, തഹസിൽദാർ കെ.രാജു തുടങ്ങിയവർ പ്രസംഗിച്ചു.