പുതുക്കാട്: വരന്തരപ്പിള്ളിയിലും മറ്റത്തൂരിലും താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ശനിയാഴ്ചയിലെ കനത്ത മഴയിൽ വരന്തരപ്പിള്ളി കുട്ടോലി പാലത്തിന് സമീപം റോഡിൽ വെള്ളം കയറി. സമീപത്തെ വർക്ക്‌ഷോപ്പിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് തുടങ്ങിയ മഴ രാത്രിയായിട്ടും ശമിച്ചില്ല. റോഡിൽ രണ്ടടിയോളം വെള്ളം ഉയർന്നതോടെ യാത്രക്കാർ ദുരിതത്തിലായി. വെള്ളം കയറി പല ഇരുചക്രവാഹനങ്ങളും തകരാറിലായി. മറ്റത്തൂരിൽ കോടാലി നിലമ്പതിയിൽ റോഡിലും സമീപത്തുള്ള വീടുകളിലും വെള്ളം കയറി. പഞ്ചായത്ത് പ്രഡിഡന്റ് അടക്കമുള്ളവർ ഞായറാഴ്ച പ്രദേശം സന്ദർശിച്ചു. മഴമൂലം പുതുക്കാട് മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണവും തകരാറിലായി. രാത്രി വൈകിയും വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു വൈദ്യുതി ജീവനക്കാർ.