തളിക്കുളം: കൂട്ടുകാരുമൊത്ത് സ്‌നേഹതീരം ബീച്ചിൽ കുളിക്കാനിറങ്ങി കടലിൽ അകപ്പെട്ട യു.പി സ്വദേശികളായ രണ്ട് പേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. തൃശൂർ പുത്തൻപള്ളിയിൽ താമസിച്ച് സ്വർണ പണി നടത്തുന്ന അജിത്ത് (20), ഗോകുൽ (26) എന്നിവരെയാണ് സ്‌നേഹതീരം ബീച്ചിലെ ലൈഫ് ഗാർഡുമാരായ കെ.ജി ഐസക്ക്, ഹരിഷ് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്.

എട്ടംഗ സംഘത്തോടൊപ്പം ഞായറാഴ്ച വൈകിട്ടാണ് ഇവർ സ്‌നേഹതീരം ബീച്ചിലെത്തിയത്. കടലിൽ കുളിക്കുന്നതിനിടെ രണ്ട് പേർ ചുഴിയിൽപ്പെടുകയായിരുന്നു. ഇതോടെ കൂടെയുണ്ടായിരുന്ന മറ്റ് ആറ് പേർ കരയ്ക്ക് കയറി. തിരയിൽപ്പെട്ട അജിത്തും ഗോകുലും കരയിൽ നിന്ന് 40 മീറ്ററോളം ദൂരത്തിലേക്ക് ഒഴുകിപ്പോയി. മരണമുഖത്തായിരുന്ന ഇരുവരെയും ലൈഫ് ഗാർഡുമാർ വളരെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ഇവർക്ക് പ്രാഥമിക ചികിത്സ നൽകി.