പട്ടിക്കാട്: സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിൽ സർക്കാർ ആശുപത്രികളിൽ സംവിധാനങ്ങളൊരുക്കി വരികയാണെന്ന് റവന്യൂമന്ത്രി കെ. രാജൻ. സർക്കാർ മെഡിക്കൽ കോളേജുകളിൽ ലോകോത്തര നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഒരുക്കാനാകുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി ആരംഭിച്ച സായാഹ്ന ഒ.പിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആധുനികമായ എല്ലാ ചികിത്സാ സൗകര്യങ്ങളും സർക്കാർ ആശുപത്രികളിൽ ഒരുക്കാൻ സർക്കാരിന് സാധിച്ചു. നൂതന സജ്ജീകരണങ്ങൾ കൊവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ ആരോഗ്യ മേഖലയ്ക്ക് കരുത്ത് നൽകിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സായാഹ്ന ഒ.പിയിലേയ്ക്ക് ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരെ നിയമിച്ചിരിക്കുന്നത് പാണഞ്ചേരി ഗ്രാമപഞ്ചായത്താണ്. ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 7 വരെയാണ് സായാഹ്ന ഒ.പി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, എഫ്.എച്ച്.സി വാണിയമ്പാറ മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിത, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഇ.ടി ജലജൻ, മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.