ചാലക്കുടി: വെള്ളച്ചാട്ടങ്ങളുടെ നാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തവരിൽ ഒന്നാംനിരക്കാരൻ, പരിയാരം കർഷക സമരത്തിന്റെ മുന്നണി പോരാളി, പഞ്ചായത്തിന്റെ അമരക്കാരനായി അടിസ്ഥാന വികസനങ്ങൾക്ക് വിത്തെറിഞ്ഞ ജനപ്രതിനിധി, ഇതെല്ലാമായിരുന്നു കഴിഞ്ഞ ദിവസം മരിച്ച കെ.എസ് ദാമോദരൻ. ശയ്യാവലംബിയായി കഴിയുമ്പോഴും ത്യാഗോജ്ജ്വലമായ കാലഘട്ടത്തിന്റെ ഓർമ്മകൾ കെ.എസിന്റെ മനസിനെ മഥിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ സെൽ രൂപീകരണവും പൊലീസിന്റെ ക്രൂര മർദ്ദനവുമെല്ലാം ഇന്നലകളെപോലെ ഓർത്തെടുക്കാനും അദ്ദേഹം ആവേശം കാട്ടിയത് പുതുതലമുറയ്ക്ക് അത്ഭുതമായി. ബാല്യത്തിൽ പഠനത്തോടൊപ്പം പിതാവിനെ സഹായിക്കാൻ കൃഷിയിടത്തിൽ ഇറങ്ങി. വായനയും പുരോഗമന ചിന്തകളുമായി കഴിയുമ്പോൾ സ്വാഭാവികമായും ജാതി വ്യവസ്ഥയ്‌ക്കെതിരെ പ്രവർത്തിക്കാനും പ്രേരിതനായി. കുന്നപ്പിള്ളിയിലെ വായനശാല രൂപീകരണവുമായി പൊതു രംഗത്തെത്തി. എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനത്തിലും തത്പ്പരനായി. 1939 ൽ പരിയാരം കേന്ദീകരിച്ച് കമ്യൂണിസ്റ്റ് പാർട്ടി സെൽ രൂപീകരിച്ചു. എം.കെ കാട്ടുപറമ്പൻ കൺവീനറായുള്ള ആ രഹസ്യ സംഘടന കർഷക സംഘത്തിനും തുടക്കമിട്ടു. ചുരുങ്ങിയ കാലം കൊണ്ട് വിപുലമായ പ്രസ്ഥാനമായി വളർന്ന കർഷക സംഘത്തിന്റെ ചുവന്ന മണമുള്ള പ്രവർത്തനങ്ങളാണ് പിൽക്കാലത്തെ ചരിത്ര പ്രസിദ്ധമായ പരിയാരം കർഷക സമരം. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകവും തുടർന്നുള്ള സംഭവ വികാസങ്ങളും കിഴക്കൻ മേഖലയിൽ ഇന്നും നടങ്ങുന്ന ഓർമ്മകളാണ്. എ.കെ.ജിയും അച്യുത മേനോനുമെല്ലാം കെ.എസിന്റെ അടുപ്പക്കാരായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഇദ്ദേഹം അടക്കം മൂന്നു നേതാക്കൾ സി.പി.എമ്മിന്റെ കൊടിയേന്തി. പിന്നിട്ട കാലങ്ങളിൽ പഞ്ചായത്തിന്റെ ഭരണം നിയന്ത്രിച്ചപ്പോൾ കുടിവെള്ള പദ്ധതിയടക്കം നിരവധി വികസനങ്ങളും നടപ്പാക്കി. ശാതാബ്ദിയ്ക്ക് രണ്ടു വർഷം ബാക്കിയുള്ളപ്പോഴാണ് കുന്നപ്പിള്ളിയിലെ വീട്ടിൽ കെ.എസ് കാലയവനികയിലേക്ക് മറഞ്ഞത്. നിസ്വാർദ്ധ സേവനവും അർപ്പണ മനോഭാവും മാത്രം കൈമുതലായുണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്മരണകൾ തീപന്തമായി ജ്വലിച്ച് നിൽക്കും.