തൃശൂർ: തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിച്ച് കുതിരാൻ രണ്ടാം ടണലിന്റെ നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കാൻ നടപടികൾ തുടങ്ങി. ഒന്നാം ടണലിന്റെ നിർമ്മാണം പൂർത്തിയായി രണ്ടാം ടണലിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കരാറുകാരും സർക്കാരും പറഞ്ഞിരുന്നെങ്കിലും പിന്നീട് മെല്ലെ പോക്കായിരുന്നു. നാമമാത്രമായ തൊഴിലാളികൾ മാത്രമാണ് ഉണ്ടയിരുന്നത്. കൂടാതെ സാമ്പത്തിക പ്രതിസന്ധികളും പ്രവർത്തനത്തെ ബാധിച്ച് തുടങ്ങിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ നാലിരട്ടി വർദ്ധന വേണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഘട്ടം ഘട്ടമായി തൊഴിലാളികളെ കൂട്ടാനാണ് കാരാറുകാർ ശ്രമം നടത്തുന്നത്. ആദ്യ ടണലിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ മുന്നൂറോളം പേരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച്ച 22 തൊഴിലാളികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് 80 ആക്കണമെന്നാണ് നിർദ്ദേശം. ഇന്ന് മുതൽ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ടണലിന് മുകളിലെ കോൺക്രീറ്റിംഗ് പൂർത്തിയായി കഴിഞ്ഞു. ഡിസംബർ അവസാനത്തോടെ ടണലിന്റെ നിർമ്മാണം പൂർത്തിയാകുമെങ്കിലും അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയായി സഞ്ചാരയോഗ്യമാക്കണമെങ്കിൽ മാർച്ച്, ഏപ്രിൽ മാസമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിർമ്മാണം സംബന്ധിച്ച് എല്ലാ ദിവസവും ഉദ്യോഗസ്ഥതല വിലയിരുത്തലുകളും മൂന്നാഴ്ച്ച കൂടുമ്പോൾ മന്ത്രിതല അവലോകനവും നടത്തും. ഒന്നാം ടണൽ തുറന്നതോടെ ദേശീയ പാതയിലെ കുരുക്കിന് ഒരു പരിധിവരെ ശമനമായിട്ടുണ്ട്. അതിനിടെ ദേശീയ പാതയിലെ കുഴികളാണ് ചിലയിടങ്ങളിൽ കുരുക്കിന് വഴിവെയ്ക്കുന്നത്. ഒന്നാം ടണലിന്റെ അപ്രോച്ച് റോഡ് തുറന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ തകർന്നിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലാണ്.