ഉയരം വർദ്ധിപ്പിച്ച് നവീകരിക്കുന്ന വടക്കാഞ്ചേരി സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോം
വടക്കാഞ്ചേരി: റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ ഉയരം വർദ്ധിപ്പിക്കുന്ന പ്രവൃത്തികൾ ഈ ആഴ്ച ആരംഭിക്കും. വർഷങ്ങളായി വടക്കാഞ്ചേരിയിൽ ഇറങ്ങുന്ന യാത്രക്കാർക്ക് രണ്ടാം പ്ലാറ്റ്‌ഫോമിലെ ഉയരക്കുറവ് പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. റെയിൽവേ എൻജിനിയറിംഗ് വിഭാഗം പച്ചക്കൊടി കാണിച്ചതോടെയാണ് വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം ആയത്. സ്റ്റേഷനിലെ പ്രവേശന കവാടത്തിൽ പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് കൂടുതൽ ദിശാബോർഡുകൾ സ്ഥാപിക്കുമെന്ന് ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം അരുൺ ലോഹിദാക്ഷൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടേയും സഹകരണത്തോടെ സ്റ്റേഷൻ വികസനം ഉറപ്പു വരുത്തും. റെയിൽവേ എൻജിനിയറിംഗ് വിഭാഗം പ്ലാറ്റ്‌ഫോം നവീകരണത്തിന് അനുമതി നൽകിയത് അദ്ദേഹം സ്വാഗതം ചെയ്തു.