ചാലക്കുടി: ആയിരങ്ങളുടെ കുടിവെള്ള സ്രോതസും പരിയാരത്തിന്റെ കാർഷിക നട്ടെല്ലുമായ കപ്പത്തോടിനെ പഴയ പ്രതാപത്തിലേയ്ക്ക് തിരികെ എത്തിക്കുന്ന ദൗത്യവുമായി കർഷകർ രംഗത്ത്. കുറ്റിക്കാട് പ്രദേശത്തെ സി.പി.എം പ്രവർത്തകരുടെ സഹകരണത്തോടെയാണ് തോടിന്റെ താത്കാലിക സംരക്ഷണത്തിന് അധികൃതരെ സമീപിക്കാൻ ഒരുങ്ങുന്നത്.

നാങ്കണയും കുളവാഴയും പടർന്നു പിടിച്ച് തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസപെടുന്നതാണ് നാട്ടുകാർക്ക് വിനയാകുന്നത്. ഇതുമൂലം മിക്കയിടങ്ങളിലും ബണ്ടുകളും ഇടിഞ്ഞു. വർഷങ്ങളായി തുടരുന്ന മണ്ണിടിച്ചിൽ കപ്പത്തോടിന്റെ ആഴവും മൂന്നിലൊന്നാക്കി. വേനലിൽ ചിപ്പുകളിട്ട് ജലനിരപ്പ് ഉയർത്തുന്നതിന് ഇത് തടസമാണ്. വർഷക്കാലങ്ങളിൽ തോട്ടിൽ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളം കയറുന്നതിനും ഇടയാക്കുന്നു. ഓരോ കാലവർഷങ്ങൾ കഴിയുമ്പോഴും തോടിന്റെ ഇരുഭാഗത്തുമുള്ള കർഷകർക്ക് ഉണ്ടാകുന്ന നഷ്ടങ്ങളും ഏറെയാണ്.

മുൻ എം.എൽ.എ ബി.ഡി. ദേവസിയുടെ ശ്രമഫലമായി കെ.എൽ.ഡി.സി മുഖേന പത്തു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ കപ്പത്തോടിന്റെ മുകൾ ഭാഗത്ത് നടന്നു വരികയാണ്. നമ്പ്യാർപടി മുതൽ കുണ്ടുകുഴിപ്പാടം വരെ മൂന്നു റീച്ചുകളിലായി നടക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. പൂവ്വത്തിങ്കൽ വരെ നീളുന്ന പത്തര കിലോമീറ്ററിലെ നവീകരണത്തിന് 30കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കേരള ലാൻ‌ഡ‌് ഡവലപ്പ്‌മെന്റ് കോർപറേഷന് സമർപ്പിച്ചിട്ട് വർഷങ്ങളായി. അതിനാൽ എസ്റ്റിമേറ്റ് പുതുക്കേണ്ടി വരും. ഇതെല്ലാം നടപ്പാകുന്നതുവരെ കർഷകരെ സംരക്ഷിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. എത്രയും വേഗം അധികൃതരുടെ ഭാഗത്ത് നിന്നും ഇടപെടൽ വേണമെന്ന് കുറ്റിക്കാട് പ്രദേശത്തെ കർഷകനായ സിജോ പാറേക്കാടൻ പറഞ്ഞു.

ആയിരത്തിലധികം കർഷകരുടെ ആശ്രയം

പരിയാരം, കോടശേരി പഞ്ചായത്തുകളിലെ ആയിരത്തിൽ അധികം കർഷകർ ആശ്രയിക്കുന്ന കപ്പത്തോട് കിഴക്കൻ മലയോരങ്ങളുടെ അനുഗ്രഹം കൂടിയാണ്. ചെറുതും വലുതുമായി അമ്പതോളം ജലസേചന പദ്ധതികൾ ഇവിടെ പ്രവർത്തിക്കുന്നു. അരലക്ഷത്തോളം ആളുകളുടെ വേനലിലെ ആശ്രയവുമാണ്. പ്രകൃതി കനിഞ്ഞു നൽകുന്ന ഈ പുണ്യ ജല സ്രോതസിനെ ഇനിയും ശോഷിക്കാൻ വിടില്ലെന്ന സ്വരമാണ് കർഷകരിൽ നിന്നും ഉയരുന്നത്. വിഭാവനം ചെയ്ത രീതിയിൽ നവീകരണം പൂർത്തിയായാൽ വിനോദ സഞ്ചാരത്തിന് കൂടി കപ്പത്തോടിനെ പ്രയോജനപ്പെടുത്താനാകും.