തൃശൂർ: എം.ഒ റോഡിൽ നടത്തിയ ട്രാഫിക് പരിഷ്‌ക്കാരത്തിൽ കോർപ്പറേഷന് പ്രതിഷേധം. കോർപ്പറേഷൻ ഓഫീസിനകത്തേയ്ക്ക് വാഹനങ്ങൾക്ക് കടക്കാൻ ആവാത്തവിധം എം.ഒ റോഡിൽ ബാരിക്കേഡുകൾ നിരത്തിയ പൊലീസിന്റെ ട്രാഫിക് പരിഷ്‌കാരമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സ്വരാജ് റൗണ്ടിൽ നിന്നും എം.ഒ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ കോർപ്പറേഷനിലേക്ക് പ്രവേശിക്കണമെങ്കിൽ പോസ്റ്റാഫീസ് റോഡിൽ പോയി വട്ടംകറങ്ങി തിരിച്ച് കോർപ്പറേഷൻ ഓഫീസ് വഴി അകത്തേയ്ക്ക് വരാനാണ് ട്രാഫിക് പൊലീസ് പറയുന്നത്. എന്നാൽ പോസ്റ്റ് ഓഫീസിലെ റോഡിൽ ഇടുങ്ങിയ റോഡിൽ പോയി യൂടേൺ ചെയ്യണമെങ്കിൽ അതിനുള്ള വീതി പോസ്റ്റ്ഓഫീസ് റോഡിനില്ല. ഇതുമൂലം കോർപ്പറേഷൻ ഓഫീസിന് അകത്തേയ്ക്ക് വരാനാവാതെ കൗൺസിലർമാരും ജനങ്ങളും ഉദ്യോഗസ്ഥരും ബുദ്ധിമുട്ടി. എ.സി.പി രാജുവിനെയും ഈസ്റ്റ് സി.ഐ ലാൽ കുമാറിനെയും വിളിച്ച് പ്രതിഷേധം അറിയിച്ചതിനെതുടർന്ന് പൊലീസ് സംഘമെത്തി കോർപ്പറേഷന് മുന്നിലെ ബാരിക്കേഡുകൾ താത്ക്കാലികമായി നീക്കി റോഡ് പൂർവസ്ഥിതിയിലാക്കി.