തൃശൂർ : കൊവിഡ് മൂലം മരണപ്പെട്ടവർക്ക് കേന്ദ്രസർക്കാർ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകുന്ന ധനസഹായം ലഭിക്കുന്നതിനായി ഔദ്യോഗിക രേഖ ലഭിക്കാൻ ആശ്രിതർ കളക്ടർക്ക് അപേക്ഷ നൽകണമെന്ന് ഉത്തരവ്. അപേക്ഷയോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയിട്ടുള്ള മരണ സർട്ടിഫിക്കറ്റിന്റെ രജിസ്റ്റർ നമ്പറും ചേർക്കണം.കൊവിഡ് മരണം സംബന്ധിച്ച തീരുമാനമെടുക്കുന്ന കമ്മിറ്റിയാണ് രേഖകൾ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുക.
ജില്ലയിൽ ഇന്നലെ വരെ കൊവിഡ് മരണ പോർട്ടറിൽ 2961 പേരാണ് മരിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കൊവിഡ് ടെസ്റ്റ് നടത്തുമ്പോൾ രേഖപ്പെടുത്തേണ്ട എസ്.ആർ.എഫ് നമ്പർ ചേർക്കാത്ത 1500 ലേറെ മരണങ്ങളാണ് കൊവിഡ് ബാധിച്ച് ഉണ്ടായിട്ടുള്ളത്. ഇവർക്ക് ധനസഹായം ലഭിക്കുന്നതിന് നിരവധി കടമ്പകൾ കടക്കേണ്ട സാഹചര്യം ആണ് നിലനിൽക്കുന്നത്. എസ്.ആർ.എഫ് നമ്പർ ഇല്ലാത്തത് മൂലം ഈ മരണങ്ങളൊന്നും കൊവിഡ് പോർട്ടറിൽ ഉൾപ്പെട്ടിട്ടില്ല. ജില്ലയിൽ എറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിലാണ്. ഇതിൽ കഴിഞ്ഞ മാസമാണ് ഏറ്റവും കൂടുതൽ പേർ മരിച്ചിട്ടുള്ളതെന്നാണ് സർക്കാർ വെബ് സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നേരത്തെ കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ വ്യക്തമാക്കിയിരുന്ന നിബന്ധനകളിൽ ഇളവുകൾ വന്നതോടെ രജിസ്റ്ററിൽ രേഖപ്പെടുത്താതെ മാറ്റി വച്ചിരുന്ന മരണങ്ങൾ കൂട്ടിചേർത്തതാണ് മരണ സംഖ്യ കൂടാൻ കാരണമെന്നാണ് പറയുന്നത്.
രേഖ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ
രേഖ ലഭിക്കുന്നതിന് കളക്ടർക്ക് അപക്ഷേ നൽകണം. അപേക്ഷയോടൊപ്പം തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന മരണ സർട്ടിഫിക്കറ്റിന്റെ രജിസ്റ്റർ നമ്പർ ചേർക്കണം. അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തിയതിനു ശേഷം കൊവിഡ് മൂലം മരണപ്പെട്ടതാണെന്ന് ഉറപ്പ് വരുത്തിയാൽ അപേക്ഷകന് ഔദ്യോഗിക രേഖ കൈമാറും.
രേഖയുടെ പകർപ്പ് തദ്ദേശ സ്ഥാപന ജനന -മരണ രജിസ്ട്രാർക്കും സംസ്ഥാന ജനന-മരണ രജിസ്ട്രാർക്കും നൽകണം. തിരുത്തൽ രേഖയ്ക്കുള്ള അപേക്ഷകളിലും സൂക്ഷ്മ
പരിശോധന നടത്തി രേഖ അനുവദിക്കണം. അപേക്ഷകളിൽ മുപ്പത് ദിവസത്തിനകം തീരുമാനം എടുക്കണം. അപേക്ഷകൾക്കായി e-healthkerala എന്ന ഓൺ ലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.