kechery-

തൃശൂർ: എല്ലാ പണികളും കഴിഞ്ഞ് ആറര വർഷം കാറ്റും മഴയും വെയിലുമേറ്റ് നിന്ന നിൽപ്പിൽ നശിക്കുന്ന ഈ ബസ് സ്റ്റാൻഡ് ഇനി ഒരു പക്ഷേ, പാലാരിവട്ടം പാലം പോലെ വീണ്ടും നിർമ്മിക്കേണ്ടി വന്നാലും അതിശയപ്പെടാനില്ല. ലക്ഷങ്ങൾ മുടക്കി പണിത തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ കേച്ചേരി രാജീവ് ഗാന്ധി ബസ് സ്റ്റാൻഡാണ് കാടുപിടിച്ചും സാമൂഹിക വിരുദ്ധർ താവളമാക്കിയും നശിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായിട്ടും നാലുവരിപ്പാത പൂർത്തിയാക്കാനാവാത്തതാണ് ബസ് സ്റ്റാൻഡിനെ കുരുക്കിയത്.

തമിഴ്‌നാട്, ആന്ധ്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തർ ഗുരുവായൂരിലെത്തുന്നത് ഈ സ്റ്റാൻഡിന് മുന്നിലെ രണ്ട് വരിപ്പാതയിലൂടെയാണ്. വൃശ്ചികം പിറക്കുന്നതോടെ ഗുരുവായൂരിലേക്കുള്ള ശബരിമല തീർത്ഥാടകരെ കാത്തിരിക്കുന്നത് പണിതീരാത്ത റോഡും തുറക്കാത്ത ബസ് സ്റ്റാൻഡും ഗതാഗതക്കുരുക്കുമാണ്. അതേസമയം, വടക്കൻ ജില്ലകളിലേക്കും കർണ്ണാടകയിലേക്കും ഗോവയിലേക്കും മഹാരാഷ്ട്രയിലേക്കുമെല്ലാമുള്ള ചരക്കുലോറികളും വഴിനീളെ കിടക്കുന്നുണ്ടാകും.

സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് ബസ് സ്റ്റാൻഡ് പണിതത്. സ്റ്റാൻഡ് തുറക്കുമെന്ന് കരുതി നിരവധി സ്ഥാപനങ്ങളും തുറന്നു. പക്ഷേ, ജനങ്ങളെത്താതായതോടെ പലതും പൂട്ടിപ്പോയി. ഒരു ബസ് പോലും കയറാത്ത, മുൻ പ്രധാനമന്ത്രിയുടെ പേരിലുള്ള ബസ് സ്റ്റാൻഡിനെതിരെ നിരവധി പ്രതിഷേധ സമരങ്ങളുണ്ടായെങ്കിലും ഒന്നും ഫലം കണ്ടില്ല. വൻകുഴികൾ, മഴ പെയ്താൽ താണുപോകുന്ന റോഡുകൾ, കുഴികൾ, ഇരുട്ടിൽ കാണാനാകാത്ത മീഡിയനുകൾ, അമിതവേഗത്തിലോടുന്ന ലിമിറ്റഡ് സ്റ്റോപ്പുകൾ, ഗെയ്ൽ പദ്ധതിക്കായി റോഡരികിൽ കുഴിയെടുക്കൽ കാരണമുളള തടസങ്ങൾ... ഈ സംസ്ഥാനപാതയിലൂടെ കടന്നുപോകണമെങ്കിൽ പ്രയാസങ്ങളേറെ.

നിർമ്മാണം ഇങ്ങനെ

75 ലക്ഷം മൊത്തം നിർമ്മാണച്ചെലവ്
50 ലക്ഷം ടെർമിനലിന്
25 ലക്ഷം അനുബന്ധ റോഡുകൾക്ക്
ഉദ്ഘാടനം: 2015 മാർച്ച് 21 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
സ്ഥലവിസ്തൃതി: 60 സെന്റ്

നിർമ്മാണത്തിലെ പിഴവുകൾ

സ്റ്റാൻഡിലേക്ക് കയറുന്ന റോഡിന് വേണ്ടത്ര വീതിയില്ല
പാടത്തിന് സമീപമായതിനാൽ മഴക്കാലത്ത് വെള്ളക്കെട്ട്
പാർക്ക് ചെയ്യാൻ കഴിയുന്നത് അഞ്ചോ ആറോ ബസുകൾക്ക് മാത്രം

തൃശൂർ കുറ്റിപ്പുറം പാതയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. റോഡ് എല്ലായിടത്തും നാലുവരിയാക്കുന്നതോടെ കേച്ചേരി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും. ചൂണ്ടൽ പഞ്ചായത്ത് ഭരണസമിതിയുമായി ചർച്ച നടത്തി ബസ് സ്റ്റാൻഡ് തുറക്കാൻ ശ്രമിക്കും.

മുരളി പെരുനെല്ലി എം.എൽ.എ.