തൃശൂർ: കേരള സംഗീത നാടക അക്കാഡമിയിൽ 25 മുതൽ പ്രൊഫഷണൽ നാടക മത്സരത്തിന് തിരിതെളിയും. കൊവിഡ് കാരണം മാറ്റിവച്ച 2019ലെ നാടകമത്സരമാണ് ഈ മാസം 29വരെ കെ.ടി. മുഹമ്മദ് സ്മാരക തിയേറ്ററിൽ നടക്കുന്നത്. പാസെടുക്കുന്ന 250 പേർക്കാണ് പ്രവേശനം. പാസുകൾ 23ന് രാവിലെ 10 മുതൽ അക്കാഡമി ഓഫീസിൽ നിന്നു സൗജന്യമായി വിതരണം ചെയ്യും.
രാവിലെ 10നും വൈകിട്ട് അഞ്ചിനുമായി രണ്ട് നാടകങ്ങൾ വീതം അരങ്ങിലെത്തിക്കുമെന്ന് അക്കാഡമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി പറഞ്ഞു. നാടകസമിതികൾ സമർപ്പിച്ച 23 നാടകങ്ങളിൽ നിന്ന് ജൂറി തിരഞ്ഞെടുത്ത 10 നാടകങ്ങളാണ് അരങ്ങിലെത്തിക്കുന്നത്. നാടക അവതരണ ചെലവിനുള്ള തുക 30,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി.
25ന് രാവിലെ 9.30ന് അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പുറത്തിറക്കുന്ന രണ്ടുസെറ്റ് പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. 25ന് രാവിലെ 10ന് കൊച്ചിൻ ചന്ദ്രകാന്തത്തിന്റെ അന്നവും വൈകിട്ട് അഞ്ചിന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മയും അരങ്ങേറും.