മാള: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...മാളയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് വന്നാൽ വന്നു, പോയാൽ പോയി. എല്ലാം തുറക്കാൻ സർക്കാർ തീരുമാനിക്കുമ്പോഴും കണ്ണ് തുറക്കാത്ത കെ.എസ്.ആർ.ടി.സി യാത്രക്കാരെ പെരുവഴിയിലാക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാളയിൽ നിന്ന് വലിച്ച 20 ബസുകളിൽ ഒന്ന് പോലും തിരിച്ചു കൊണ്ടുവരാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
കോളേജുകൾ തുറന്നതും ഓഫീസുകൾ സാധാരണ നിലയിലേക്ക് മാറിയതും കൂടിയായപ്പോൾ ബസുകളുടെ കുറവ് യാത്രാ ക്ലേശം വർദ്ധിപ്പിക്കുകയാണ്.
ആകെയുള്ള 20 ബസുകളിൽ ദീർഘദൂര സർവീസുകൾ കഴിച്ചുള്ള 14 എണ്ണം മാത്രമാണ് തൃശൂർ, ആലുവ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നത്. ഗ്രാമപ്രദേശങ്ങളിലേക്കുള്ള എല്ലാ സർവീസുകളും മാസങ്ങളായി നിറുത്തിവച്ചിരിക്കുകയാണ്. രാവിലെ ആറ് മണിക്ക് മാത്രമാണ് ഓർഡിനറി സർവീസുകൾ തുടങ്ങുന്നത്. പത്ത് മുതൽ ഇരുപത് മിനിറ്റ് വ്യത്യാസത്തിൽ പ്രധാന റൂട്ടുകളിലേക്ക് ബസ് ഉണ്ടായിരുന്നത് ഇപ്പോൾ ഒരു മണിക്കൂറിലധികം ദൈർഘ്യത്തിലാണ്.
ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളും ഇപ്പോൾ കൂടുതൽ സമയം പെരുവഴിയിലാണ്. സ്വകാര്യ ബസുകളുടെ എണ്ണത്തിലും വലിയ തോതിൽ കുറവുണ്ടായിട്ടുണ്ട്. കുണ്ടൂർ, പൂപ്പത്തി, ആലത്തൂർ, നെയ്തക്കുടി, ചക്കാംപറമ്പ്, കാവനാട്, അമ്പഴക്കാട്, ആനപ്പാറ തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നിറുത്തിയിട്ട് മാസങ്ങളായി. ഈ മേഖലകളിൽ നിന്നുള്ളവർ മാളയിലേക്ക് എത്തുന്നതിന് വലിയ തുക ചെലവാക്കേണ്ടി വരുന്ന അവസ്ഥയിലാണ്. കൂടാതെ എരവത്തൂർ, കൊച്ചുകടവ്, കുഴൂർ, അന്നമനട, ആളൂർ, കൊടകര, പുത്തൻവേലിക്കര, കൃഷ്ണൻകോട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കും ബസുകൾ കുറവാണ്.
മാള ഡിപ്പോയിൽ 30 മെക്കാനിക്കൽ ജീവനക്കാർ ഉണ്ടായിരുന്നതിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ എട്ട് പേരെ സ്ഥലം മാറ്റി. ഓഫീസ് ജീവനക്കാർ മൂന്ന് വർഷം മുമ്പ് 24 പേരുണ്ടായിരുന്നത് ഇപ്പോൾ അഞ്ചിൽ ഒതുങ്ങി. ഡിപ്പോയുടെ പ്രതാപകാലത്ത് 70 ഷെഡ്യൂൾ വരെ ഉണ്ടായിരുന്നത് ഇപ്പോൾ 20 ലെത്തി മുടന്തുകയാണ്. ഏതാനും വർഷം മുമ്പ് വരെ 55 ഷെഡ്യൂൾ വരെ മാളയിൽ നിന്ന് ഉണ്ടായിരുന്നു.