ചാലക്കുടി: കുറ്റിക്കാട് തൃപ്പാപ്പിള്ളി പ്രദേശം പാറമടകളാലാണ് കുപ്രസിദ്ധമായത്. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയർന്ന് നിൽക്കുന്ന ഗ്രാമവും ഉപയോഗശൂന്യമായ കിടക്കുന്ന ഇവിടുത്തെ പാറമടകളും പുതിയ തലമുറയ്ക്ക് ഇന്നും വിസ്മയ
കാഴ്ചയാണ്. അഗാധജലവുമായി നിരവധി കരിങ്കൽ ക്വാറികൾ കൊച്ചോളങ്ങൾ ഒരുക്കി അങ്ങനെ കിടക്കുന്നുണ്ടെങ്കിലും അവയൊന്നും ആരും ആസ്വദിക്കാറില്ല. ഒരുകാലത്ത് നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളുടെ അത്താണി, പതിനായിരക്കണക്കിന് കെട്ടിടങ്ങൾക്ക് അടിത്തറ സൃഷ്ടിക്കൽ, ഇതെല്ലാം തൃപ്പാപ്പിള്ളി കുന്നുകളുടെ ഭൂതകാലത്തിലെ ദൗത്യമായിരുന്നു. പിൽക്കാലത്ത് പരിസ്ഥിതിക്ക് ഭീഷിണിയെന്ന തിരിച്ചറിവിൽ സർക്കാർ ഇടപെടലുണ്ടായപ്പോൾ പാറടകളിൽ വെടിയും പുകയും നിലച്ചു. അവശേഷിച്ചതാകട്ടെ ആഴങ്ങളിലെ അത്ഭുതങ്ങളുമായി കുറേ പാറമടകളും. നിർജീവമായി കിടക്കുന്ന ക്വാറികളെ അപകടകാരികളെന്ന് എഴുതിതള്ളി കളയാതെ ജനോപകാരമായ സംരംഭങ്ങളാക്കി മാറ്റണമെന്ന ഏറെക്കാലത്തെ ആശയത്തിന് ഇപ്പോൾ പുത്തൻ ഉണർവ് കൈവന്നിരിക്കുകയാണ്. ടൂറിസം പദ്ധതികളാൽ പാറമടകളും ഒപ്പം പരിയാരം പഞ്ചായത്തും ശ്രദ്ധയാകർഷിക്കപ്പെടുമെന്നാണ് ഒരുകൂട്ടം യുവാക്കൾ പ്രകടിപ്പിക്കുന്ന പ്രത്യാശ. കെട്ടികിടക്കുന്ന വെള്ളത്തിൽ ബോട്ടിംഗ്, ഫ്‌ളോട്ടിംഗ് ഹൗസ്, കയാറ്റിംഗ്, മുകളിൽ ലൈറ്റ് ഫൗണ്ടൻ, വിശ്രമ കേന്ദ്ര തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് സി.പി.എം പ്രദേശിക ഘടകത്തിന്റെ പിൻബലത്തിൽ യുവാക്കൾ നിർദ്ദേശിക്കുന്നത്. വെള്ളത്തിലെ വിനോദത്തിന് പാറമടയിലെ ആഴക്കൂടുതൽ നിയമപരമായ തടസമാണ്. തട്ടേക്കാട് ദുരന്തത്തിന് ശേഷം ഇത്തരത്തിലെ ലൈസൻസ് ലഭിക്കുക എളുപ്പമല്ല. എങ്കിലും ടൂറിസം വകുപ്പ് ഇത് സംബന്ധിച്ച പഠനം നടത്തി പ്രായോഗിക തീരുമാനത്തിൽ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വലിയൊരു തുക ചെലവാകുമെങ്കിലും അതിരപ്പിള്ളി വിനോദ സഞ്ചാരവുമായി ബന്ധപ്പെടുത്തിയാൽ തൃപ്പാപ്പിള്ളിയിലെ പാറമടകളും സർക്കാരിന് മുതക്കൂട്ടാകുമെന്ന് പൊതുപ്രവർത്തകൻ ആന്റണി തോമസ് പറഞ്ഞു. ഡാമുകളിലേത് പോലെ കെട്ടിക്കിടക്കുന്ന മടയിലെ വെള്ളം വേനൽക്കാലത്ത് ജലസേചനത്തിനും പ്രയോജനപ്പെടുത്തമെന്ന നിർദ്ദേശവുമുണ്ട്.