കൊടുങ്ങല്ലൂർ: ചന്തപ്പുര പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോകുന്ന മുൻസിപ്പൽ വൺവേ റോഡിൽ അനധികൃത പാർക്കിംഗ് മൂലം ഗതാഗത തടസം ഉണ്ടാകുന്നതായി പരാതി. ഇതു മൂലം ബസുകൾക്ക് കൃത്യമായ സമയം പാലിക്കാൻ കഴിയാതെ വരുന്നതായി ആക്ഷേപമുണ്ട്. വളരെ ഇടുങ്ങിയതാണ് മുൻസിപ്പൽ വൺവേ റോഡ്. താലൂക്ക് ആശുപത്രിയ്ക്ക് സമീപമാണ് കൂടുതലും അനധികൃത പാർക്കിംഗ് നടക്കുന്നത്.

സ്വകാര്യ വാഹനങ്ങൾ റോഡിലും സമീപത്തെ സ്ഥാപനങ്ങളുടെ മുമ്പിലും കൊണ്ടുവന്നിട്ട് ഗതാഗത തടസം ഉണ്ടാക്കുകയാണെന്നാണ് വിമർശനം. ഇതു മൂലം ബസുകൾക്ക് വൺവേയിലൂടെ സഞ്ചരിക്കാനും ബസ് സ്റ്റാൻഡിൽ പ്രവേശിക്കാനും കഴിയാതെ വരുന്നുണ്ട്. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. വൺവേ റോഡിലെ അനധികൃത പാർക്കിംഗിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.