കൊടകര: ദേശീയപാത പേരാമ്പ്രയിൽ അപ്പോളോ ടയേഴ്‌സിന് സമീപം വാഗൻ ആർ കാർ ഡിവൈഡിൽ ഇടിച്ചുമറിഞ്ഞ് പരിക്കേറ്റ രണ്ട് വയസുകാരൻ മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരുത്തിപ്ര കിണറാമാക്കൽ നസീബിന്റെ മകൻ ഐബിൻ നസീബാണ് മരിച്ചത്.
ദുബായിലേക്ക് പോകാനായി നസീബിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച് തിരിച്ചുവരുമ്പോൾ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം. വാഹനത്തിന്റെ പിൻസീറ്റിൽ ഉമ്മ ആദിലയുടെ മടിയിലായിരുന്നു ഐബിൻ. നസീബിന്റെ സഹോദരൻ അനസ് ആണ് വണ്ടി ഓടിച്ചിരുന്നത്. ഉടനെ കുട്ടിയെ ചാലക്കുടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവർക്ക് നിസാര പരിക്കേറ്റു. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് അപകടം അറിഞ്ഞ നസീബ് യാത്ര റദ്ദാക്കി. കുട്ടിയുടെ സഹോദരൻ: മുഹമ്മദ് സയാൻ.