കൊടുങ്ങല്ലൂർ: അഴീക്കോട് അഴിമുഖത്തിന് സമീപം മത്സ്യബന്ധന ബോട്ടിടിച്ച് ചീനവലകൾ തകർന്നു. മഠത്തിപ്പറമ്പിൽ അശോകൻ, മഠത്തിപ്പറമ്പിൽ ബാബു എന്നിവരുടെ ചീനവലകളാണ് നശിച്ചത്. മൂന്ന് മാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് സമാനമായ രീതിയിൽ ചീനവലകൾ തകരുന്നത്. മുനക്കലിൽ പുലിമുട്ടിനോട് ചേർന്ന് കടൽപാതയോരത്ത് സ്ഥാപിച്ചിട്ടുള്ള ചീനവലകളിൽ രണ്ടെണ്ണമാണ് നശിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. കരയിൽ ചൂണ്ടയിട്ടിരുന്ന നാട്ടുകാർ സംഭവം കണ്ട് ഒച്ചവച്ചുവെങ്കിലും അപകടത്തിനിടയാക്കിയ ബോട്ട് നിറുത്താതെ പോയി. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.