ചാലക്കുടി: കനത്തമഴയിൽ വെള്ളം കുത്തിയൊലിച്ച് അതിരപ്പിള്ളി പഞ്ചായത്തിൽ രണ്ട് വീടുകൾ നിൽപ്പ് ഭീഷിണിയിലായി. മറ്റൊരു വീട്ടിലെ മീൻകുളത്തിൽ വെള്ളം കയറി. വെറ്റിലപ്പാറയിൽ റോഡിന്റെ ഓരവും ഇടിഞ്ഞു. വെറ്റിലപ്പാറ പതിനാലിലെ വട്ടപറമ്പിൽ രാധയുടെ വീടിന്റെ മുൻഭാഗം ഇടിഞ്ഞു. തൊട്ടടുത്ത തോട്ടിലൂടെ മലവെള്ളം ഒഴുകിയെത്തിയതാണ് മണ്ണിടിച്ചിലിന് ഇടയാക്കിയത്. പതിമൂന്നിലെ ആറ്റശേരി അമൃതയുടെ വീടിനും ഇതേ അനുഭവമുണ്ടായി. വാളാർക്കുത്ത് തോടിന്റെ കൈവഴി നിറഞ്ഞാണ് ഇവരുടെ വീട്ടു മുറ്റത്തേയ്ക്ക് വെള്ളം കയറിയത്. തോടിന്റെ ഓരം ഇടിഞ്ഞ നിലയിലാണ്. പതിനഞ്ചിൽ പഞ്ചായത്ത് ഓഫീസിന് സമീപത്തെ കൊടാപറമ്പിൽ ആനന്ദവല്ലി ആനന്ദന്റെ വീട്ടു മുറ്റത്തുള്ള മീൻ കുളത്തിലേക്കാണ് വെള്ളം ഇരച്ച് കയറിയത്. ആയിരത്തോളം മീനുകളെ വളർത്തുന്ന കുളമായിരുന്നു. കുറേ മത്സ്യങ്ങൾ ഒഴുകിപ്പോയി. തൊട്ടടുത്ത തോട്ടിൽ നിന്നും പമ്പിലേക്ക് വലിയ തോതിലാണ് വെള്ളം വന്നത്. മലയിൽ ഉരുൾ പൊട്ടലുണ്ടായെന്നാണ് നാട്ടുകാരുടെ സംശയം. വെറ്റിലാപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിനടുത്താണ് അതിരപ്പിള്ളി റോഡിന്റെ ഓരത്ത് മണ്ണിടിഞ്ഞത്. മലയിൽ നിന്നും കുത്തിയൊഴുകിയ വെള്ളം ശുദ്ധജല വിതണ പൈപ്പിനായി കുഴിച്ച ഭാഗത്തെ തകർക്കുകയായിരുന്നു. ഇത് റോഡ് ഇടിയുമെന്ന ആശങ്കയും സൃഷ്ടിക്കുന്നു. അരൂർമുഴിയിൽ പുളിക്കൻ വിത്സന്റെ വീടിന്റെ കാർപോർച്ചിലേക്ക് മലവെള്ളമെത്തി. ചൊവ്വാഴ്ച വൈകീട്ടുണ്ടായ മഴയാണ് മലയോര പഞ്ചായത്തിന് ദുരിതമായത്.