തൃശൂർ : ജില്ലയിൽ ഇറച്ചി കോഴി വില കുതിക്കുന്നു, കിലോയ്ക്ക് 150 കടന്നു. കഴിഞ്ഞ എതാനും മാസങ്ങളായി ഇറച്ചി കോഴിയുടെ വില നൂറിന് മുകളിലാണ്. രണ്ട് ദിവസം മുമ്പാണ് 150 ന് മുകളിൽ എത്തിയത്. സംസ്ഥാനത്തെ ചിക്കൻ വിപണി നിയന്ത്രിക്കുന്ന അന്യസംസ്ഥാന ലോബിയുടെ ലാഭക്കൊതിയാണ് ചിക്കന്റെ വിലവർദ്ധനവിന് കാരണമെന്നാണ് ആരോപണം. കൃത്രിമക്ഷാമമുണ്ടാക്കി വില വർദ്ധിപ്പിക്കുകയാണെന്ന പരാതിയും ഉയരുന്നുണ്ട്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം നൽകിയതോടെ ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും തുറന്നിരുന്നു. ഇതോടെ ഇറച്ചി കോഴിക്ക് ആവശ്യക്കാർ ഏറി. ഇത് മുന്നിൽ കണ്ടാണ് വിലവർദ്ധിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.
ചിക്കൻ വിഭവങ്ങൾ ബഹിഷ്‌കരിക്കുമെന്ന് ഹോട്ടലുടമകൾ
ചിക്കന്റെ വില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നത് തുടർന്നാൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരാവാഹികൾ പറഞ്ഞു. കൊവിഡിനെ തുടർന്ന് തകർച്ചയിലായ ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിച്ചതിനെ തുടർന്ന് വ്യാപാരം പതിയെ സാധാരണനിലയിലേക്ക് വന്നുതുടങ്ങുമ്പോഴാണ് ഇരുട്ടടിയായി ചിക്കന് വില വർദ്ധിക്കുന്നത്. ചിക്കനോടൊപ്പം തന്നെ സവാളയടക്കമുള്ള അവശ്യസാധനങ്ങൾക്കും, പാചകവാതകത്തിനും വില വർദ്ധിച്ചുകൊണ്ടിരിക്കുന്നതും ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടിയാണ്. ഒരു മാസത്തിനിടെ ഇരട്ടിയോളം വില വർദ്ധിച്ചു. കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഹോട്ടൽ മേഖലയ്ക്ക് ചിക്കനടക്കമുള്ള അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് കാരണം ഹോട്ടലുകൾ അടച്ചിടുകയോ, വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കേണ്ടിവരുകയോ ചെയ്യും. അടിക്കടിയുള്ള ചിക്കന്റെയും അവശ്യസാധനങ്ങളുടേയും വില വർദ്ധനവ് തടയാൻ സർക്കാർ വിപണിയിലിടപെടണമെന്നും തദ്ദേശ ചിക്കൻ ഫാമുകളിൽനിന്നുള്ള കോഴിയിറച്ചി കൂടുതൽ വിപണിയിലെത്തിച്ച് ചിക്കന്റെ വിലവർദ്ധനവ് പിടിച്ചുനിർത്തണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരാവാഹികൾ ആവശ്യപ്പെട്ടു.