ചേർപ്പ്: ആറാട്ടുപുഴ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് ആരംഭിക്കും. പുലർച്ചെ നിർമ്മാല്യ ദർശനത്തിന് ശേഷം ശാസ്താവിന് 108 കരിക്ക് അഭിഷേകത്തോടെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം നിർവഹിക്കും. തന്ത്രി കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാട്, ഊരാളൻമാർ, പത്മശ്രീ പെരുവനം കുട്ടൻ മാരാർ, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മീഷണർ കെ. സുനിൽ കർത്ത, പെരുവനം സതീശൻ മാരാർ, പഴുവിൽ രഘു മാരാർ, എന്നിവർ പങ്കെടുക്കും. 13ന് വൈകിട്ട് 6ന് സരസ്വതി മണ്ഡപത്തിൽ പൂജവയ്പ്പ് ആരംഭിക്കും. മഹാനവമി ദിവസത്തിൽ രാവിലെ 7ന് സംഗീതാർച്ചന,​ വൈകിട്ട് 6.30ന് കൂത്ത്,​ വിജയദശമി ദിനത്തിൽ രാവിലെ 6ന് സരസ്വതി പൂജ, എഴുത്തിനിരുത്തൽ,​ സമൂഹ അക്ഷര പൂജ, സംഗീതാർച്ചന എന്നിവയുണ്ടാകും.