ചേർപ്പ്: പഞ്ചായത്തിലെ ഹെർബർട്ട് കനാലിൽ മാലിന്യങ്ങൾ നിറയുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കരുവന്നൂർ - കണ്ടശ്ശാംകടവ് ഭാഗത്തേക്ക് പോകുന്ന കനാലിലാണ് മാസങ്ങളായി ചണ്ടിയും കുളവാഴകളും നിറഞ്ഞിരിക്കുന്നത്. ഇതുമൂലം കനാലിലെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട നിലയിലാണ്. മലിന ജലം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശവാസികൾ വെള്ളത്തിനായി മറ്റ് വഴികൾ തേടേണ്ട അവസ്ഥയാണ്. വെള്ളക്കെട്ട് മൂലം കൊതുക്, ഇഴ ജന്തുക്കളുടെ ശല്യവും വ്യാപകമാണ്. അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.