​​മാള: മാള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ബസ് സർവീസ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസും ബി.ജെ.പിയും സമരം പ്രഖ്യാപിച്ചു. കേരളകൗമുദി വാർത്തയെ തുടർന്നാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പൊയ്യ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം പ്രഖ്യാപിച്ചു. നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഡിപ്പോയുടെ മുമ്പിൽ നടത്തുന്ന സമരത്തിൽ ബെന്നി ബെഹ്നാൻ എം.പി പങ്കെടുക്കും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു കൈതാരൻ അദ്ധ്യക്ഷനാകും. കെ.എസ്.ആർ.ടി.സി ഡിപ്പോ ഇല്ലാതാക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്നും പിൻവലിച്ച 20 ബസുകൾ പുനരാംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി സമരം. ശനിയാഴ്ച രാവിലെ 10.30ന് ഡിപ്പോയിലേക്ക് ബി.ജെ.പി മാള മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ചും തുടർന്നുള്ള ധർണയും സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. കോടതി ഉത്തരവുകൾ ലംഘിച്ചാണ് സർവീസുകൾ പലതും നിറുത്തിവച്ചതെന്ന് പൊതു പ്രവർത്തകനായ ടി.കെ സദാനന്ദൻ ആരോപിച്ചു.