വാഴക്കോട് സാനിറ്റേഷൻ സൊസൈറ്റിക്ക് മുന്നിൽ വീണുകിടക്കുന്ന മരം.
വടക്കാഞ്ചേരി: മുള്ളൂർക്കര വാഴക്കോട് വളവിൽ പ്രവർത്തിക്കുന്ന കേരള ഗ്രാമവികസന സാനിറ്റേഷൻ സൊസൈറ്റിയുടെ ഓഫീസിന് മുൻവശത്ത് മരം വീണ് കിടക്കുന്നത് മൂലം പ്രവർത്തനം തടസ്സപ്പെടുന്നു. സൊസൈറ്റിയുടെ ഓഫീസിന് മുന്നിൽ രണ്ട് മാസം മുമ്പാണ് മരം ഒടിഞ്ഞ് വീണത്. മരം മുറിച്ച് മാറ്റാത്തത് മൂലം സ്ഥാപനത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്. മെറ്റൽ, മണൽ, സിമന്റ് തുടങ്ങിയവ ഉപയോഗിച്ച് റിംഗുകൾ, സേഫ്ടി ടാങ്കുകൾ, വേസ്റ്റ് വാട്ടർ ബിറ്റുകൾ എന്നിവയാണ് ഇവിടെ നിർമ്മിക്കുന്നത്. മാസങ്ങളായി മരം വഴിമുടക്കി കിടക്കുന്നത് മൂലം സൊസൈറ്റിയുടെ പ്രവർത്തനത്തെ ആകെ ബാധിച്ച നിലയിലാണ്. നിരവധിതവണ മുള്ളൂർക്കര പഞ്ചായത്ത് അധികൃതരുമായി വിഷയം സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് പറയുന്നു.
അതേസമയം മരം മുറിച്ച് മാറ്റാൻ നടപടി സ്വീകരിച്ചതായി മുള്ളൂർക്കര പഞ്ചായത്ത് സെക്രട്ടറി അൻസാർ അഹമ്മദ് അറിയിച്ചു. വനംവകുപ്പ് മരത്തിന്റെ വില നിശ്ചയിക്കണം. ഇതിനായി കത്ത് നൽകിയിട്ടുണ്ട്. വില നിശ്ചയിച്ച് കഴിഞ്ഞാൽ മരം ലേലം ചെയ്ത് വിൽക്കും. മരം നീക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു