വടക്കാഞ്ചേരി: കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി പാടങ്ങളിലെ ഞാറ് നശിപ്പിച്ചു. തെക്കുംകര പഞ്ചായത്തിലെ മേപ്പാടം പാടശേഖരത്തിലെ 70 ഏക്കറോളം വരുന്ന പാടത്ത് പാകിയിരുന്ന ഞാറാണ് നശിപ്പിച്ചത്. മുണ്ടകൻ കൃഷിക്കായി വിത്തിട്ട് മുളച്ച് പാകമായ ഞാറാണ് രാത്രിയിലെത്തി കാട്ടുപന്നികൾ കൂട്ടത്തോടെ നശിപ്പിച്ചത്. കൂട്ടത്തോടെ പാടത്തെത്തുന്ന കാട്ടുപന്നികൾ ഞാറ്റടികളിൽ ഉരുണ്ടും മറിഞ്ഞും ഞാറ് നശിപ്പിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനിൽകുമാർ പാടശേഖരം സന്ദർശിച്ചു. കൃഷികൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാൻ സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടും വനംവകുപ്പ് ഇതിനുള്ള നടപടികൾ കൈകൊള്ളുന്നില്ലെന്ന് കർഷകർ കുറ്റപ്പെടുത്തി.