വടക്കാഞ്ചേരി: ബോയ്‌സ് ഹൈസ്‌ക്കൂളിൽ നടന്ന സ്റ്റാഫ് മീറ്റിംഗിനിടെയുണ്ടായ വാക്കേറ്റത്തിനും കൈയ്യേറ്റ ശ്രമത്തിനുമിടെ പ്രധാനാദ്ധ്യാപിക ടി.പി ബിന്ദു കുഴഞ്ഞ് വീണു. അദ്ധ്യാപികയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സ്‌കളിലെ ഒരു വിദ്യാർത്ഥിയുടെ സ്‌കോളർഷിപ്പ് മാർക്ക് ലിസ്റ്റിൽ തെറ്റ് പറ്റിയ സംഭവത്തിൽ പ്രധാനാദ്ധ്യാപിക പരസ്യമായി മാപ്പ് പറയണമെന്ന് സ്റ്റാഫ് യോഗത്തിൽ ചില അദ്ധ്യാപകർ ആവശ്യപ്പെട്ടു. ഇതേചൊല്ലിയുണ്ടായ തർക്കത്തിൽ ആക്രോശിച്ച് നേരിടുകയും ഭീഷണിപ്പെടുത്തി കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് അദ്ധ്യാപിക ബിന്ദു പറഞ്ഞു. ഹയർ സെക്കൻഡറി അദ്ധ്യാപകൻ പി.ടി.എ ഫണ്ടിൽ നിന്നും ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടതും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സ്റ്റാഫ് യോഗം ചേർന്നതും ചോദ്യം ചെയ്ത സംഭവത്തിന്റെ പകപോക്കലാണ് നടന്നതെന്നും അവർ ആരോപിച്ചു. കുഴഞ്ഞുവീണ ടീച്ചറെ വീട്ടുകാരെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.