ഗുരുവായൂർ: ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഗുരുവായൂർ ക്ഷേത്രത്തിലും ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള ഇതര ക്ഷേത്രങ്ങളിലും പതിവ് പൂജാചടങ്ങുകൾ മാത്രമായാണ് ഈ വർഷവും നവരാത്രി ആഘോഷം. ഭക്തജനങ്ങൾക്ക് പൂജവയ്പ്പിനോ വിദ്യാരംഭത്തിനോ അവസരമുണ്ടാകില്ല. കുട്ടികൾക്കായുള്ള എഴുത്തിനിരുത്തും ഉണ്ടാകില്ല. ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തിരക്കാവ് ഭഗവതിക്ക് ഒമ്പത് ദിവസവും നവരാത്രി പൂജകൾക്ക് പുറമെ ഭക്തരുടെ വഴിപാടായി വിശേഷാൽ പൂജകളും ഉണ്ടാകും. ക്ഷേത്രം കൂത്തമ്പലത്തിൽ പൂജവയ്പ്പ് ഉണ്ടാകില്ല. നെൻമിനി ബലരാമ ക്ഷേത്രത്തിൽ നിത്യപൂജകൾക്ക് പുറമെ ഗ്രന്ഥപൂജയുണ്ടാകും. പുന്നത്തൂർ ക്ഷേത്രത്തിൽ ചുറ്റുവിളക്ക്, നിറമാല, കേളി, ഗ്രന്ഥപൂജ, നിവേദ്യങ്ങൾ, തൃമധുരം എന്നിവ ഉണ്ടാകും. തലക്കോട്ടുകര ശിവക്ഷേത്രത്തിൽ ഗ്രന്ഥപൂജ നടക്കും. കൂടാതെ മഹാനവമി ദിവസമായ ഒക്ടോബർ 14 നും വിജയദശമി ദിനമായ 15 നും സരസ്വതീപൂജ ഉണ്ടാകും. നാരായണംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദുർഗാഷ്ടമി ദിവസവും മഹാനവമി ദിവസവും ചുറ്റുവിളക്ക് നടക്കും. വിജയദശമി ദിനത്തിൽ രാവിലെ 11 ന് ഗുരുതിയുമുണ്ടാകും. ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കളരിയിൽ പൂജവയ്പ്പും വിദ്യാരംഭവും ഉണ്ടാകും. ദുഗാഷ്ടമി ദിവസമായ ഒക്ടോബർ 13 ന് വൈകീട്ടാണ് പൂജവയ്പ്പ്. മഹാനവമി ദിനത്തിൽ ആയുധ പൂജയും നടക്കും. വിജയദശമി ദിവസം രാവിലെയാണ് കൃഷ്ണനാട്ടം കളരിയിൽ വിദ്യാരംഭം. തുടർന്ന് കൃഷ്ണഗീതി ഗ്രന്ഥം പകുത്ത് വായിക്കൽ, വേഷക്കാരുടെ വിദ്യാരംഭം, മദ്ദള കേളി എന്നിവയുണ്ടാകും. വിജയദശമി മുതൽ 9 ദിവസം ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അരങ്ങ് കളിയും ഉണ്ടാകും.