ചാലക്കുടി: കനത്ത മഴയിൽ മലയോരങ്ങളിൽ നിന്നും മണ്ണൊഴുകി വരുന്നത് ചാലക്കുടിപ്പുഴയിലെ കുടിവെള്ള വിതരണത്തെ ബാധിക്കുന്നു. ഒരാഴ്ചയായി കലങ്ങിമറിഞ്ഞ വെള്ളമാണ് പുഴയിലൂടെ ഒഴുകുന്നത്. കൂടപ്പുഴയിലെ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം അടക്കമുള്ള വിവിധ പദ്ധതികളിലും ചെളി നിറത്തിലെ വെള്ളമാണ് വിതരണം ചെയ്യുന്നത്. ഇതുപയോഗിച്ച് കുളിക്കുന്നവർക്ക് ചൊറിച്ചിലും ഉണ്ടാകുന്നുണ്ടെന്ന് പറയുന്നു. കൊവിഡ് രോഗ ബാധിതരായി കഴിയുന്നവർപോലും ചളി കലർന്ന വെള്ളം ഉപയോഗിക്കേണ്ടി വരുന്നു. അതിരപ്പിള്ളി, കോടശേരി പഞ്ചായത്തിൽ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തങ്ങൾ നടക്കുന്നുണ്ട്. പൈപ്പ് ലൈൻ ഇടുന്നതിന് കിലോമീറ്ററുകൾ റോഡിന്റെ ഓരത്ത് തോട് കീറിയിട്ടുമുണ്ട്. ഇവിടങ്ങളിലെ മണ്ണ് നേരിട്ടും തോടുകൾ വഴിയും
എത്തുന്നത് ചാലക്കുടിപ്പുഴയിലേയ്ക്കാണ്. കനത്ത മഴ തുടരുന്നതിനാൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ ഇഴഞ്ഞ് നീങ്ങുകയും ചെയ്യുന്നു. ഇതിനിടെ പെരിങ്ങൽക്കുത്ത് പറമ്പിക്കുളം ഫോറസ്റ്റ് റോഡിൽ നിന്നും കലക്ക വെള്ളവും പുഴയിലെത്തുകയാണ്. വനപാലകരുടെ യാത്രയ്ക്ക് മാത്രമായുള്ള കാട്ടുപാതയിലെ യാത്ര സുഗമമാക്കുന്നതിന് ഈയിടെ മണ്ണടിച്ചിരുന്നു. മഴ ശക്തമയതോടെ ഈ മണ്ണും കൈവഴികൾ മുഖേന പെരിങ്ങൽക്കുത്ത് ഡാമിൽ എത്തുന്നുണ്ട്. ഇതെല്ലാം കൂടിയാണ് ചാലക്കുടിയിൽ തുടർച്ചയായി ചേറ് വെള്ളം ഒഴുകുന്നതിന് ഇടയാക്കുന്നത്.