ചാലക്കുടി: അരേകാപ്പ് ആദിവാസി കോളനിയിലെ വന്യമൃഗ ശല്യം ഒഴിവാക്കുന്ന ഫെൻസിംഗ് നിർമ്മാണ പ്രവൃത്തിക്കായി 12 ലക്ഷം രൂപ അനുവദിച്ചെന്ന് പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കാണ് തുക കൈമാറിയത്. ടി.ജെ സനീഷ്‌കുമാർ എം.എൽ.എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളും നാലു കിലോമീറ്റർ താണ്ടിയാണ് അരേക്കാപ്പുകാർ അവശ്യ സാധനങ്ങൾക്കായി മലക്കപ്പാറിയിൽ എത്തുന്നത്. വന്യമൃഗങ്ങളുടെ ശല്യവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം പല കുടുംബങ്ങളും ഊരിൽ നിന്നും മാറിപ്പോയി. ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്-മന്ത്രി പറഞ്ഞു. കോളനിയിലേക്ക് ഗതാഗത സൗകര്യത്തിന് ആലോചനകൾ നടക്കുന്നുണ്ടെന്നും കെ.രാധാകൃഷ്ണൻ സൂചിപ്പിച്ചു.