sarandharan
ശാരങ്ധരൻ

മാള: ഒരു കാലത്ത് മാളയിലെയും സമീപ പ്രദേശങ്ങളിലെയും യുവതലമുറയുടെ ജീവിതത്തിന് പ്രതീക്ഷയായിരുന്ന സെനത്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റിയൂട്ട് ഉടമ മാള നെയ്തക്കുടി മഠത്തിങ്കൽ ശാരങ്ധരൻ (ശാരു മാഷ് 84) ഓർമ്മകളിലേക്ക്. പത്ത് കഴിഞ്ഞാൽ പഠിക്കാൻ സെനത്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റിയൂട്ടിൽ ശാരു മാഷിന്റെ കീഴിൽ വിടുകയെന്നത് മതാപിതാക്കളുടെയും പ്രതീക്ഷകളായിരുന്നു. ടൈപ്പ് പഠിക്കുന്ന താളത്തിനൊപ്പം മാഷ് തന്റെ വിദ്യാർത്ഥികൾക്ക് ജീവിതത്തിന്റെ നേർവഴികളും പറഞ്ഞ് കൊടുത്ത് ജീവിത താളവും ക്രമപ്പെടുത്തുമായിരുന്നു. ടൈപ്പ് റൈറ്റിംഗ് സ്ഥാപനങ്ങളുടെ സുവർണ കാലമായിരുന്നു അത്. നിരവധി പേരാണ് ശാരു മാഷിന്റെ ശിക്ഷണത്തിൽ ടൈപ്പ് പഠിച്ച് സ്വദേശത്തും വിദ്ദേശത്തുമായി ജോലി ചെയ്തിരുന്നത്. പഴയകാല ഓഫീസുകളുടെ താളമായിരുന്നു ടൈപ്പ് റൈറ്ററുകൾ. കമ്പ്യൂട്ടറുകളുടെ വരവോടെ ടൈപ്പ് റൈറ്റർ യുഗം അസ്തമിച്ചു. ടൈപ്പ് പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ മിക്കതും പിടിച്ചുനിൽക്കാൻ കഴിയാതെ പൂട്ടിയപ്പോൾ ശാരു മാഷിന്റെ സ്ഥാപനം കമ്പ്യൂട്ടർ സെന്ററാക്കി മാറ്റി. പിന്നീട് സ്ഥാപനം നിറുത്തി അദ്ദേഹം വിശ്രമ ജീവിതത്തിലേയ്ക്ക് മാറുകയാണുണ്ടായത്.