ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്ക് വഴി പെൻഷൻ വിതരണം ചെയ്യുന്നതിൽ അപാകതയുണ്ടെന്ന് ആരോപിച്ച് യു.ഡി.എഫ് വിളിച്ച കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് - യു.ഡി.എഫ് സംഘർഷം. സംഘർഷം രൂക്ഷമായതോടെ പൊലീസ് ഇടപെടൽ.
പരിക്കേറ്റ മൂന്ന് എൽ.ഡി.എഫ് കൗൺസിലർമാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽ.ഡി.എഫ് കൗൺസിലർമാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എൽ.ഡി.എഫ്. നേതാക്കൾ പ്രതിരോധിച്ചതോടെ പൊലീസ് പിന്മാറി. യു.ഡി.എഫ് കൗൺസിലർമാരാണ് പെൻഷൻ വിതരണത്തിൽ അപാകത ആരോപിച്ച് കത്ത് നൽകിയത്. ഇതുപ്രകാരമാണ് അടിയന്തര കൗൺസിൽ ചേർന്നത്.
രാവിലെ നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി ആമുഖ പ്രസംഗം നടത്തിയ ശേഷം യു.ഡി.എഫ് അംഗം ടി.വി ചാർളിയെ വിഷയം അവതരിപ്പിക്കാൻ ക്ഷണിച്ചു. ടി.വി ചാർളി പ്രസംഗിക്കുന്നതിനിടയിൽ അജണ്ടയിലില്ലാത്ത വിഷയമാണ് അവതരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. കെ.ആർ. വിജയ, എൽ.ഡി.എഫ്. അംഗം സി.സി. ഷിബിൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. എൽ.ഡി.എഫ് കനത്ത പ്രതിഷേധം ഉയർത്തിയതോടെ ടി.വി. ചാർളിക്ക് പിൻതുണയുമായി യു.ഡി.എഫും രംഗത്തെത്തിയതോടെ സംഘർഷമായി.
സംഘർഷം നിയന്ത്രിക്കാൻ കഴിയാതായതോടെ ഇരിങ്ങാലക്കുട സി.ഐ എസ്.പി. സുധീരൻ, എസ്.ഐമാരായ ജിഷിൽ, ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി. പലഘട്ടങ്ങളിലും ചെയർപേഴ്‌സൺ സോണിയ ഗിരിയും, എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ.ആർ. വിജയയും നേർക്കുനേർ വാഗ്വാദത്തിലേർപ്പെട്ടു.
മുക്കാൽ മണിക്കൂറിന് ശേഷം പൊലീസിന്റെയും മുതിർന്ന അംഗങ്ങളുടെയും സമയോചിതമായ ഇടപെടൽ മൂലം അംഗങ്ങളെ ഇരിപ്പിടങ്ങളിലേക്ക് മടക്കി കൊണ്ടുവരാനായി. ഇതിനിടയിൽ ഇറങ്ങിപ്പോയ എൽ.ഡി.എഫ് അംഗങ്ങൾ ചെയർപേഴ്‌സന്റെ ചേംബറിന് മുമ്പിൽ പ്രതിഷേധം തുടർന്നു. തുടർന്ന് ചർച്ചയിൽ പൊറത്തിശ്ശേരി മേഖലയിൽ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്യുന്നതിന് മറ്റ് ബാങ്കുകളെ ഏൽപ്പിക്കണമെന്ന് യു.ഡി.എഫ്. അംഗങ്ങൾ ആവശ്യപ്പെട്ടു.
പെൻഷന് ബദൽ മാർഗ്ഗം ഏർപ്പെടുത്തണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു. തുടർന്ന് ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചതായി ചെയർപേഴ്‌സൺ അറിയിച്ചു. തുടർന്ന് ചേംബറിലേക്കെത്തിയ ചെയർപേഴ്‌സണെ പ്രതിഷേധിച്ചിരുന്ന എൽ.ഡി.എഫ്. അംഗങ്ങൾ തടഞ്ഞത് വീണ്ടും സംഘർഷത്തിന് വഴിവച്ചു. എൽ.ഡി.എഫ് - യു.ഡി.എഫ്. അംഗങ്ങൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതോടെ പൊലീസ് ഇടപെട്ട് എൽ.ഡി.എഫ് അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമമാരംഭിച്ചു. എൽ.ഡി.എഫ്. അംഗം സി.സി. ഷിബിനെ ബലം പ്രയോഗിച്ച് പൊലീസ് ജീപ്പിലേക്കെത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷിബിൻ കുഴഞ്ഞു വീണു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്ന സി.പി.എം. ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ അടക്കമുള്ള നേതാക്കൾ പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയതോടെ പൊലീസ് പിൻവാങ്ങി. ഇരിങ്ങാലക്കുട സി.ഐ എസ്.പി. സുധീരൻ, എസ്.ഐ. ജിഷിൽ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചു.
ദുരുദ്ദേശപരമായി കൊണ്ടുവന്ന അജണ്ട
ദുരുദ്ദേശപരമായി കൊണ്ടു വന്ന അജണ്ടയാണ് കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചതെന്ന് എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. കെ.ആർ. വിജയ ആരോപിച്ചു. എം.സി.പി. കൺവെൻഷൻ സെന്ററുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് ഉയർത്തിയ വിഷയത്തിൽ വിറളി പൂണ്ട യു.ഡി.എഫ്. നടത്തിയ ഗൂഢാലോചനയാണിത്. ചെയർപേഴ്‌സന്റെ ധാർഷ്ട്യമാണ് കാണാനാകുകയെന്നും അഡ്വ. കെ. ആർ. വിജയ കുറ്റപ്പെടുത്തി.
എൽ.ഡി.എഫ് -യു.ഡി.എഫ് നാടകമെന്ന് ബി.ജെ.പി.
പൊലീസിനെ മുന്നിൽ നിറുത്തി എൽ.ഡി.എഫ് - യു.ഡി.എഫ് നടത്തിയ നാടകമാണ് കൗൺസിലിൽ കണ്ടതെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ ആരോപിച്ചു. മറ്റ് സഹകരണ ബാങ്കിലെ അഴിമതികളും ഇതുപോലെ കൗൺസിലിൽ ചർച്ച ചെയ്യണമെന്നും സന്തോഷ് ബോബൻ ആവശ്യപ്പെട്ടു.
എൽ.ഡി.എഫിന് സാമൂഹ്യ പ്രതിബദ്ധതയില്ലെന്ന് മേയർ
സാമൂഹ്യ പ്രതിബദ്ധതയില്ലാത്തതിനാലാണ് എൽ.ഡി.എഫ് കരുവന്നൂർ വിഷയം ചർച്ച ചെയ്യാൻ അനുവദിക്കാത്തതെന്ന് നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി ആരോപിച്ചു. ലക്ഷങ്ങൾ നിക്ഷപിച്ചവർക്ക് പോലും പണം മടക്കി നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് ബാങ്ക് പോയ്‌ക്കൊണ്ടിരിക്കുന്നത്. പൊറത്തിശ്ശേരി മേഖലയിൽ മാത്രം നാലായിരത്തോളം സാമൂഹ്യ സുരക്ഷാ പെൻഷനുകളാണ് വിതരണം ചെയ്യേണ്ടതെന്നും സോണിയ ഗിരി പറഞ്ഞു.