പാവറട്ടി: കാർഷിക യന്ത്രങ്ങൾ കൊണ്ട് പോകുന്ന പരമ്പരാഗത വഴി അടച്ച് കെട്ടിയത് മൂലം അന്നകര ചിറയ്ക്കൽതാഴം പാടശേഖരത്തിലെ പാറേങ്ങാട് പ്രദേശത്തെ കർഷകർ കൃഷിയിറക്കാനാകാതെ ദുരിതത്തിലായി. മുല്ലശ്ശേരി പഞ്ചായത്തിലെ 40 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിലാണ് കഴിഞ്ഞ 40 വർഷമായി കൃഷി ആവശ്യത്തിന് ട്രാക്ടറും മറ്റ് യന്ത്രങ്ങളും കൊണ്ട് പോകുന്ന വഴി സ്വകാര്യ വ്യക്തി അടച്ച് പൂട്ടിയതിനാൽ കൃഷിയിറക്കാനാകാത്തത്. പാടശേഖരത്തിൽ കഴിഞ്ഞ വർഷം മുതൽ കൃഷിയിറക്കാനാകാത്തതിനാൽ നാല് ഏക്കർ സ്ഥലം പുല്ല് വളർന്ന് കാട് പിടിച്ച് കിടക്കുകയാണ്. ഈ വർഷം കൃഷി ആരംഭിക്കുന്നതിന് വേണ്ടി വഴി തടഞ്ഞ വ്യക്തിയെ കർഷകരും പടവ് കമ്മിറ്റി ഭാരവാഹികളും സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വാർഡ് മെമ്പറും മുൻ മെമ്പറും കൃഷി ഓഫീസറും ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകാതായപ്പോൾ പൊലീസ് സഹായം തേടിയിരിക്കുകയാണ് കർഷകർ. കർഷകരും പടവ് കമ്മിറ്റി സെക്രട്ടറിയും നിലം ഒരുക്കുന്നതിന് ട്രാക്ടർ കൊണ്ടുപോകാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പാവറട്ടി പോലീസ് എസ്.എച്ച്.ഒയ്ക്ക് പരാതി നൽകിയിരിക്കയാണ്. ഈ വർഷമെങ്കിലും കൃഷിയിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ എന്ന് പാടശേഖര കമ്മിറ്റി സെക്രട്ടറി ലക്ഷ്മണൻ കോക്കൂർ പറഞ്ഞു.