karumathra

വടക്കാഞ്ചേരി: കരുമത്രയിൽ പാടശേഖരം നികത്തി ജാതി തൈ നട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ജാതി തൈ കളഞ്ഞ് നെൽകൃഷിയിറക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തെക്കുംകര ഗ്രാമ പഞ്ചായത്ത് കളക്ടർ പരാതി നൽകി. നെൽകൃഷിയെ നശിപ്പിക്കുന്ന സ്വകാര്യ വ്യക്തിയുടെ നടപടിയിൽ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ജാതി തൈ നട്ട സ്ഥലത്ത് കൊടി കുത്തി. വാർഡ് മെമ്പർ ഐശ്വര്യ ഉണ്ണി, മുൻ പഞ്ചായത്തംഗം രാജീവൻ തടത്തിൽ, ബൂത്ത് പ്രസിഡന്റ് സുരേഷ് ബാബു, ദിനേശൻ തടത്തിൽ, ശ്രീജിത്ത് പണ്ടാരത്തിൽ, ശരത്ത് കല്ലിപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് കൊടിനാട്ടിയത്. പാടശേഖരം നികത്തിയത് പൂർവ്വ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അധികൃതർ കത്ത് നൽകിയിട്ടും അനങ്ങാപാറ നയം സ്വീകരിക്കുന്നതിനെതിരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ഉമാലക്ഷ്മി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാധകൃഷ്ണൻ , വാർഡ് മെമ്പർ ഐശ്വര്യ ഉണ്ണി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ജില്ലാ കളക്ടർ ഹരിതാ.വി.കുമാർ, ആർ.ഡി.ഒ പി.എ.വിഭൂഷണൻ എന്നിവർക്ക് പരാതി നൽകി. നേരത്തെ വാർഡ് മെമ്പറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണ സമിതിയോഗം ചേർന്ന് നിലംനികത്തുന്നത് തടയാൻ കർശന നടപടി എടുക്കണമെന്ന് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. പതിറ്റാണ്ടുകളായി നെൽകൃഷി ചെയ്യുന്ന കരുമത്ര വടക്കുംമൂല ചിറ പാടശേഖരത്തിലാണ് മാടക്കത്തറ സ്വദേശി രണ്ടേക്കർ സ്ഥലം നികത്തി ജാതി തൈ നട്ടത്. നേരത്തെ ഇയാൾ കൊയ്ത്ത് കഴിഞ്ഞ ഉടനെ കൃഷി വകുപ്പിന്റെ അനുമതിയോടെ പച്ചക്കറി കൃഷി ഇറക്കിയിരുന്നു. ഇതിന്റെ മറവിലാണ് ജാതി തൈ നട്ടത്.