cow-

തൃശൂർ: ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും അറ്റെൻഡർമാരും ഉൾപ്പെടുന്ന സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ക്യാമ്പുകളും വീടുകളും കേന്ദ്രീകരിച്ച് പതിമൂവ്വായിരത്തോളം കന്നുകാലികളിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ് നടത്തുന്നു. സ്‌ക്വാഡുകൾക്ക് ആവശ്യമായ പരിശീലനം നൽകിയാണ് കുത്തിവെയ്പ്.

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് നവംബർ മൂന്ന് വരെ കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി കളക്ടർ ചെയർമാനായും എ.ഡി.സി.പി. ജില്ലാ കോ ഓർഡിനേറ്റർ കൺവീനറായും പഞ്ചായത്ത് വകുപ്പിലെയും ക്ഷീര വികസന വകുപ്പിലെയും പ്രതിനിധികൾ ഉൾപ്പെട്ട ജില്ലാതല മോണിറ്ററിംഗ് യൂണിറ്റും പ്രവർത്തിക്കുന്നു. പ്രാദേശിക തലത്തിൽ ക്ഷീര സംഘങ്ങൾ, സർക്കാരിതര സംഘടനകൾ, തദ്ദേശ സ്വയംഭരണ അധികാരികൾ, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി യോഗം നടത്തിയിരുന്നു. വാക്‌സിനേഷൻ നടത്തിയ മൃഗങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തും. സർക്കാർ മൃഗാശുപത്രികൾ വഴി സൗജന്യമായാണ് കുത്തിവെയ്പ്.

നഷ്ടപരിഹാരവും ഉടൻ

എ.ഡി.സി.പി (കാലിരോഗ നിയന്ത്രണ പദ്ധതി) ജില്ലാ കോർഡിനേറ്റർക്ക് ലഭ്യമാക്കുന്ന വാക്‌സിൻ, നാല് താലൂക്ക് കോ ഓർഡിനേറ്റർമാർ മുഖേനയാണ് പഞ്ചായത്തിലെ മൃഗാശുപത്രികൾക്ക് ലഭ്യമാക്കുന്നത്. വാക്‌സിനേഷൻ മൂലമുണ്ടാകുന്ന അത്യാഹിതങ്ങൾക്ക് (അബോർഷൻ, മരണം മുതലായവ) അർഹമായ നഷ്ടപരിഹാരം കർഷകർക്ക് ഉടൻ നൽകുന്നുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പദ്ധതിക്ക് തുടക്കമിട്ടു.

കുളമ്പ് രോഗം


കന്നുകാലികളെ ബാധിക്കുന്ന വൈറസ് രോഗം
ബാധിക്കുന്നത് പശു, എരുമ, ആട്, പന്നി തുടങ്ങിയ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളിൽ
കുളമ്പിലും അകിടിലും വായിലും വ്രണം.
നേരിട്ടുള്ള സമ്പർക്കം, വായു, വെള്ളം, തീറ്റ, അണുബാധയേറ്റ വസ്തുക്കൾ തുടങ്ങിയവയിലൂടെ പകരും
ശക്തമായ പനി, വായിൽ നിന്നും നുരയും പതയും, ഉമിനീരൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ
രോഗം ബാധിച്ച 25% മൃഗങ്ങളിൽ മരണം

ഈ കാലയളവിൽ ജില്ലയിലുള്ള നൂറ് ശതമാനം പശുക്കൾക്കും എരുമകൾക്കും വീട്ടിലെത്തി വാക്‌സിൻ നൽകി പ്രതിരോധ കുത്തിവെപ്പ് നൽകുകയാണ് ലക്ഷ്യം.

ഡോ. സുരജ പ്രദീപ്

ജില്ലാ മൃഗസംരക്ഷണ ഓഫീസർ