എം.സി.പി കൺവെൻഷൻ സെന്ററിനെ ചൊല്ലി തർക്കം

ഇരിങ്ങാലക്കുട: എം.സി.പി കൺവെൻഷൻ സെന്ററിനെ ചൊല്ലി വോട്ടെടുപ്പ് ആവശ്യവുമായി എൽ.ഡി.എഫും ബി.ജെ.പിയും. കൊവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായതിനാൽ കൺവെൻഷൻ സെന്ററിന്റെ ലൈസൻസ് റദ്ദാക്കണമെന്നും എൽ.ഡി.എഫും, ബി.ജെ.പിയും ആവശ്യപ്പെട്ടു. പക്ഷേ കൗൺസിലിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലാത്തതിനാൽ വോട്ടെടുപ്പ് അനുവദിച്ചില്ല. നിയമാനുസൃത നടപടി സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി ചെയർപേഴ്‌സൺ യോഗം പിരിച്ചു വിട്ടു.

എം.സി.പി കൺവെൻഷൻ സെന്ററിൽ നിരന്തരം കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടക്കുന്നത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. കെ.ആർ വിജയയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അടിയന്തര യോഗം.

അംഗങ്ങൾ വിഷയത്തിൽ മാത്രം ചർച്ച നടത്തണമെന്ന് ചെയർപേഴ്‌സൺ സോണിയ ഗിരി അഭ്യർത്ഥിച്ചു. വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് ഇരുപത് പേരെ മാത്രം പങ്കെടുപ്പിക്കാൻ അനുവാദമുള്ളപ്പോൾ എം.സി.പി കൺവെൻഷൻ സെന്ററിൽ നൂറ് കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയെന്ന് അഡ്വ. കെ.ആർ വിജയ ആരോപിച്ചു. എൽ.ഡി.എഫ് കൗൺസിലർമാർ കളക്ടർക്ക് നൽകിയ പരാതിയിൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപടലിനെ തുടർന്ന് മുൻസിപ്പൽ സെക്രട്ടറി തയ്യാറാക്കിയ നോട്ടീസ് പോലും ചെയർപേഴ്‌സന്റെ ഇടപടലിനെ തുടർന്ന് സമയം വൈകിയാണ് നൽകിയതെന്നും അവർ ആരോപിച്ചു.

സ്ഥലത്തെത്തിയ സെക്ടറൽ മജിസ്‌ട്രേറ്റിനോടും, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോടും, എം.സി.പി അധികൃതർ ധാർഷ്ഠ്യത്തോടെയാണ് പെരുമാറിയതെന്നും അഡ്വ. കെ.ആർ വിജയ കുറ്റപ്പെടുത്തി. തുടർന്ന് സംസാരിച്ച ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ കൗൺസിൽ യോഗത്തിൽ പൊലീസ് പ്രവേശിച്ചതിനെ വിമർശിച്ചു. ഇത് അപലപനീയമാണെന്നും പറഞ്ഞു.

ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ സംവിധാനം ഒരു വ്യക്തിക്കായി ദുരുപയോഗം ചെയ്യുകയാണെന്നും സന്തോഷ് ബോബൻ കുറ്റപ്പെടുത്തി. ആറ് മാസത്തേക്ക് സെന്ററിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് സന്തോഷ് ബോബൻ ആവശ്യപ്പെട്ടു. വ്യക്തികളെ തേജോവധം ചെയ്യാനാണ് ചില അംഗങ്ങൾ ശ്രമിക്കുന്നതെന്നും, തനിക്ക് വ്യക്തിപരമായി ഒരു അജണ്ടയും ഇല്ലെന്നും, നഗരത്തിന്റെ വികസന പ്രവർത്തനമാണ് അജണ്ടയായി വരുന്നതെന്നും സോണിയ ഗിരി ചൂണ്ടിക്കാട്ടി.

നഗരസഭ സ്വീകരിക്കേണ്ട നടപടികൾ കൃത്യസമയത്ത് തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി മുഹമ്മദ് അനസ് ചൂണ്ടിക്കാട്ടി. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി കോളുകളാണ് തന്റെ ഫോണിലേക്ക് വരുന്നതെന്നും ഭീഷണിയടക്കം വരുന്നുണ്ടെന്നും സെക്രട്ടറി പറഞ്ഞു. തുടർന്ന് എൽ.ഡി.എഫും ബി.ജെ.പിയും വോട്ടെടുപ്പ് ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കൗൺസിലിന് നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ചെയർപേഴ്‌സൺ ആവശ്യം തള്ളി. നിയമാനുസൃത നടപടി സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി ചെയർപേഴ്‌സൺ സോണിയ ഗിരി കൗൺസിൽ യോഗം പിരിച്ചുവിട്ടു.