sangeetholsavam

പത്തുവയസ്സിനുമേൽ പ്രായമുള്ളവർക്കും പങ്കെടുക്കാൻ അനുമതി


ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കാനുള്ള നിബന്ധനകളിൽ ദേവസ്വം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 14 വരെ www.guruvayurdevaswom.nic.in എന്ന ദേവസ്വം വെബ് സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തുന്ന സംഗീതോത്സവത്തിൽ 2021 ആഗസ്റ്റ് 31ന് 18 വയസ് പൂർത്തിയായ ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് പങ്കെടുക്കാമെന്നാണ് നേരത്തെ ദേവസ്വം അറിയിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തി 10 വയസ്സിനുമേൽ പ്രായമുള്ള കുട്ടികളെ കൂടി പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. പങ്കെടുക്കാൻ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധനയും ദേവസ്വം ഒഴിവാക്കിയിട്ടുണ്ട്. സംഗീതജ്ഞരുടേയും സംഗീതപ്രേമികളുടേയും നിരന്തര അഭ്യർത്ഥനയെത്തുടർന്നാണ് തീരുമാനമെന്ന് ദേവസ്വം ഭരണസമിതി ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ് അറിയിച്ചു.

സംഗീതോത്സവം നവംബർ 29ന് ആരംഭിച്ച് ഡിസംബർ 14ന് ഏകാദശി ദിവസം സമാപിക്കും. പങ്കെടുക്കാനെത്തുന്നവർ 48 മണിക്കൂർ മുൻപ് എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നേരിട്ട് ഹാജരാക്കണം. ഗുരുനാഥന്റെ സർട്ടിഫിക്കറ്റും നേരിട്ട് ഹാജരാക്കിയാൽ മതി.