എരുമപ്പെട്ടി: കുന്നിൻമുകളിൽ നിന്ന് വലിയ പാറ ഉരുണ്ട് വീണു. നേരിയ വ്യത്യാസത്തിൽ വൻദുരന്തം ഒഴിവായി. ചിറ്റണ്ട പൂങ്ങോട് കൊട്ടശ്ശേരി ചന്ദ്രന്റെ വീടിന്റെ പുറകുവശത്തെ കുന്നിൻ മുകളിൽ നിന്നാണ് പാറ ഉരുണ്ട് വീണത്. വീടിനോട് ചേർന്ന് പുറകിലെ പശുത്തൊഴുത്തിന്റെ സമീപമാണ് ബുധനാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും പാറയിളകിയെത്തിയത്. ശബ്ദം കേട്ട് പുറത്തേക്ക് വന്നപ്പോൾ പാറ ഉരുണ്ട് വീണതിന്റെ ഭീതിയിലായിരുന്നു പശുക്കളെല്ലാം. ഈ മേഖലയിൽ പല ഭാഗങ്ങളിലും പാറകളും മൺതിട്ടകളും അപകടനിലയിൽ നിൽക്കുന്നുണ്ട്. മഴ ശക്തിപ്പെട്ടതോടെ മേഖലയിലെ വീടുകളിൽ താമസിക്കുന്നവർക്ക് ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ടിരിക്കയാണ്. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.