പാവറട്ടി: വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം കരുതി വച്ച് വെങ്കിടങ്ങ് യംഗ്‌സ്റ്റേഴ്‌സ് ക്ലബ്ബ്. വെങ്കിടങ്ങ് സെന്ററിൽ കടവിൽ മെഡിക്കൽ സ്റ്റോഴ്‌സിന് സമീപമാണ് ഹംഗർ ഹണ്ട് ബൂത്ത് ആരംഭിച്ചത്. ക്ലബ്ബംഗങ്ങൾ വീട്ടിൽ പാകം ചെയ്ത ഭക്ഷണ പൊതികൾ ബൂത്തിൽ നിക്ഷേപിക്കും. വിശന്ന് വലയുന്നവർക്ക് ഉച്ചഭക്ഷണം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ 2 വരെ ബൂത്ത് പ്രവർത്തിക്കുക. കിഡ്‌നി ഫെഡറേഷൻ ചെയർമാൻ ഫാദർ ഡേവീസ് ചിറമ്മേൽ ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ആദരിക്കൽ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്‌നി വേണു ഉദ്ഘാടനം ചെയ്തു. വിനീത് വിശ്വം അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ഗ്രേസി ജേക്കബ്, അബ്ദുൾ മജീദ്, അശ്‌റഫ് തങ്ങൾ, സെക്രട്ടറി കെ.എം ഷാജി, എൻ.ആർ പ്രദീപ് എന്നിവർ സംസാരിച്ചു.