പാവറട്ടി: തലയിൽ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അച്ഛനും മകനും ചികിത്സാ സഹായം തേടുന്നു.
തോളൂർ പഞ്ചായത്തിലെ എടക്കളത്തൂർ വടക്കുമുറിയിൽ താമസിക്കുന്ന പതിയേടത്ത് രഘുവും മകൻ രാഹുൽ (27)മാണ് ദയനീയാവസ്ഥയിലൂടെ കടന്ന് പോകുന്നത്. രഘു രോഗ വ്യാപനത്തിന്റെ നാലാം സ്റ്റേജിലാണ്. മാത്രമല്ല അദ്ദേഹത്തിന്റെ ഒരു കയ്യും ഒരു കാലും തളർന്ന് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മകൻ രാഹുൽ സെയിൽസ്മാനായി ജോലി നോക്കുകയാണ്. അതിനിടയ്ക്കാണ് ശരീരത്തിന്റെ ഇടതുവശം സ്വാധീനക്കുറവ് അനുഭവപ്പെടുകയും വിദഗ്ദ്ധ പരിശോധനയിൽ തലയിൽ ട്യൂമർ സ്ഥിരീകരിക്കുകയും ചെയ്തത്. തുടർന്ന് തലയിൽ രണ്ട് ശസ്ത്രക്രിയകൾ ചെയ്യുകയും അതിനായി രണ്ടര ലക്ഷത്തോളം രൂപ ചെലവഴിക്കുകയും ചെയ്തു. നിർദ്ധന കുടുംബത്തിന് പണം നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് സംഘടിപ്പിച്ച് നൽകിയത്. നീണ്ട മുപ്പത്തിമൂന്ന് റേഡിയേഷൻ. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ രാഹുലിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ കൈകാലുകൾ സ്വാധീനക്കുറവ് അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് തലയിലെ ട്യൂമർ നിയന്ത്രിക്കുന്നതിനായി വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. സഹായത്തിനായി അമ്മയും ആശുപത്രിയിൽ നിൽക്കുന്നതിനാൽ കുടുംബത്തിന്റെ വരുമാനം നിലച്ച സ്ഥിതിയാണ്. ചികിത്സാ സഹായത്തിനായി തോളൂർ വെൽഫയർ ട്രസ്റ്റിന്റെ പേരിൽ കേരളാ ഗ്രാമിൺ ബാങ്കിൽ 40629101051685 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ് കോഡ്: കെ.എൽ.ജി.ബി 0040629.