man

തൃശൂർ : കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ആക്രമണങ്ങളിൽ ഭീതിയിലാണ്ട പാലപ്പിള്ളി നാട്ടുകാരുടെ ആശങ്ക വർദ്ധിപ്പിച്ച് പുലിയും. കഴിഞ്ഞ കുറെ മാസങ്ങങ്ങളായി പുലി ഭീഷണി ഒഴിഞ്ഞതിന്റെ ആശ്വാസത്തിൽ നിൽക്കുന്നതിനിടെയാണ് ഇന്നലെ രാത്രി പാലപ്പിള്ളി മേഖലയിൽ വീണ്ടും പുലിയിറങ്ങിയത്. പാലപ്പിള്ളി വലിയകുളത്ത് പുലിയിറങ്ങി പശുവിനെ ആക്രമിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. ചങ്ങനക്കുന്നൻ സുബൈദയുടെ പശുവിനെയാണ് പുലി ആക്രമിച്ചു കൊന്നത്. സമീപത്തെ പാഡികൾക്കു സമീപവും ഇന്നലെ രാത്രി പുലിയിറങ്ങി പശുക്കളെ ആക്രമിച്ചിരുന്നു. വീട്ടുകാർ ഉണർന്ന് ബഹളം വച്ചതോടെ പുലി ഓടിമറയുകയായിരുന്നുവെന്ന് തോട്ടം തൊഴിലാളികൾ പറഞ്ഞു. നേരത്തെ പുലിയിറങ്ങി ആടിനെ ആക്രമിക്കുന്നത് നിത്യ സംഭവമായിരുന്നു. സമീപ നാളുകളിൽ കാട്ടാനയും കാട്ടുപന്നികളും ഇറങ്ങിയുള്ള ഭീഷണിയിലായിരുന്നു. രണ്ട് മാസം മുമ്പ് കാട്ടാനകൾ ഇറങ്ങി രണ്ട് തോട്ടം തൊഴിലാളികളെ ചവിട്ടികൊന്നിരുന്നു. കാട്ടുപ്പന്നികൾ ഇറങ്ങി വിളകൾ നശിപ്പിക്കുന്നത് നിത്യസംഭവവമാണ്. കഴിഞ്ഞ ആഴ്ച്ച ചിമ്മിനി ഡാം പരിസരത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ മണിക്കൂറുകളോളം റോഡിൽ നിലയുറപ്പിച്ച് നിന്നത് വിനോദ സഞ്ചാരികളെയും മറ്റും ആശങ്കയിലാഴ്ത്തിയിരുന്നു. പാലപ്പിള്ളി മേഖലയിലെ കാട്ടുമൃഗങ്ങളുടെ ശല്യം തടയാൻ രാത്രിയിലും പകലും പട്രോളിംഗ് ശക്തമാക്കുന്നതിനും ആനകളെ കൂടുതലായി കാണുന്ന വലിയകുളം മേഖലയിൽ വാഹനങ്ങളുടെ പാർക്കിംഗ് നിയന്ത്രിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. വെളിച്ചമില്ലാത്തിടത്ത് സോളാർ ലൈറ്റുകൾ സ്ഥാപിക്കും. ഒഴിഞ്ഞ് കിടക്കുന്ന എസ്റ്റേറ്റുകളുടെ ക്വാർട്ടേഴ്‌സുകൾ നവീകരിച്ച് വനപാലകർക്കും വളണ്ടിയർമാർക്കും താമസസൗകര്യം ഒരുക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകും.


തെരുവു നായ്ക്കളുടെ ആക്രമണത്തിൽ മാൻ ചത്തു

പാലപ്പിള്ളി വെള്ളാനക്കോട് പുളഞ്ചോടിൽ തെരുവുനായകളുടെ ആക്രമണത്തിൽ മാൻ ചത്തു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. നാല് തെരുവുനായകൾ കൂട്ടമായി മാനിനെ ആക്രമിക്കുകയായിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു. നായകളുടെ കുരകേട്ട് നാട്ടുകാർ എത്തി നായ്ക്കളെ ഓടിച്ചെങ്കിലും മാനിനെ ജീവൻ രക്ഷിക്കാനായില്ല.